
പയ്യന്നൂർ: പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ വൻ അഗ്നിബാധ.ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് തീപ്പിടുത്തമുണ്ടായത്.രണ്ടാം നിലയിൽ നിന്നും പുക ഉയരുന്നതു ശ്രദ്ധയിൽ പെട്ടവരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഫ്രിഡ്ജ്, ടി.വി, അലക്കുയന്ത്രം തുടങ്ങി വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൂക്ഷിച്ച മുകൾനിലയിലാണ് തീ പിടുത്തം ഉണ്ടായത്.
ഓണം സീസണായതിനാൽ മുകൾ നിലയിൽ കൂടുതൽ സ്റ്റോക്ക് കരുതിയിരുന്നു. മുകൾ നിലയിലുണ്ടായിരുന്ന എല്ലാ ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഇതിനു പുറമെ കെട്ടിടഭാഗങ്ങളും നശിച്ചു.
2020 മാർച്ച് 20ന് ഇതെ സ്ഥാപനത്തിന്റഎ അടുക്കള, മെസ് എന്നിവ പ്രവർത്തിച്ചിരുന്ന ഏറ്റവും മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായിരുന്നു.അന്ന് ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്.
രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകാമെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ നഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് അഗ്നിശമനസേനയുടെ വിലയിരുത്തൽ.അതേ സമയം ഇൻഷുറൻസ് കമ്പനി അധികൃതർ ഉൾപ്പെടെയെത്തി പരിശോധിച്ചാൽ മാത്രമെ കൃത്യമായ കണക്കുകൾ ലഭിക്കുകയുള്ളുവെന്നും അധികൃതർ പറയുന്നു.തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തീയണഞ്ഞത് അഞ്ച് മണിക്കൂറിനൊടുവിൽ;
ആറ് ഫയർ യൂണിറ്റുകളുടെ കഠിനപ്രയത്നം
വിവരമറിഞ്ഞയുടൻ പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.വി.പ്രകാശ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനയെത്തിയാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്. മുകളിലത്തെ നിലയിലായതിനാൽ ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കുകയെന്നത് ദുഷ്കരമായിരുന്നു. ഇതെ തുടർന്ന് പെരിങ്ങോം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളെക്കൂടി വിളിച്ചു വരുത്തി. ആറ് യൂണിറ്റുകൾ അഞ്ചു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. സേനാ ബലമുണ്ടായെങ്കിലും കഠിനമായ ചൂടും പുകയും കാരണം കെട്ടിടത്തിന് അകത്ത് പ്രവേശിച്ച് മുകൾ നിലയിലെത്തി തീയണക്കുന്നതിന് തുടക്കത്തിൽ തടസ്സം നേരിട്ടു.
ഒടുവിൽ റോഡരികിൽ നിന്ന് മുകൾ നിലയിലേക്ക് ഏണിവെച്ച് കയറി മുൻ ഭാഗത്തെ ഗ്ലാസ് തകർത്ത് അതിലൂടെ വെള്ളം ചീറ്റിയാണ് തീയണക്കാൻ ശ്രമമാരംഭിച്ചത്. കുറച്ച് സേനാംഗങ്ങൾ അകത്തു കൂടി മുകളിലെത്തിയും വെള്ളം ചീറ്റി.കടുത്ത ചൂടിൽ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ഇ.ബി അധികൃതർ ഫീഡർ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയർ ഓഫിസർ ബിജുമോന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് സാഹസികമായ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. രാത്രി പതിനൊന്നിനു തുടങ്ങിയ ദൗത്യം പുലർച്ചെ 4.30 വരെ നീണ്ടു. തീയണക്കുന്നതോടൊപ്പം തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക്
തീ പടരാതിരിക്കാനുള്ള ശ്രമവും കൂടിയായപ്പോൾ രക്ഷാപ്രവർത്തനം സാഹസികമായി മാറുകയായിരുന്നു.