1

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ജനറൽ സർജൻ ഡോ.എൻ.വി.അഭിജിത് ദാസ് , ഭാര്യ ഡോ.ദിവ്യ എന്നിവർ താമസിക്കുന്ന വീടിന് നേരെ ആക്രമണം.ബുധനാഴ്‌ച പുലർച്ചെയാണ് മാവുങ്കാൽ ഉദയംകുന്നിലെ വാടക വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ട ഹോണ്ട സിറ്റി, ആൾട്ടോ കാറുകൾ കല്ലിട്ടു തകർത്തു.

അക്രമം നടക്കുമ്പോൾ ഡോക്ടർ ദമ്പതികൾ ഉറക്കത്തിലായിരുന്നു . വീടിന്റെ ജനലുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് ആക്രമണമെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: കെ.ജി.എം.ഒ.എ

കാസർകോട് :ഡോ.അഭിജിത്തിന്റെയും ഡോ.ദിവ്യയുടെയും മാവുങ്കാലുള്ള വാടക വീടിന് നേരെ ആക്രമണം നടത്തുകയും വീടുമുറ്റത്ത് നിർത്തിയിരുന്ന കാറുകൾ തകർക്കപ്പെടുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കെ ജി എം ഒ.എ കാസർകോട് ജില്ലാ പ്രസിഡന്റ് ഡോ. എ.ടി മനോജ്, സെക്രട്ടറി ഡോ. വി. കെ ഷിൻസി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്വന്തം വീട്ടിൽ പോലും സ്വസ്ഥവും സുരക്ഷിതവുമായി കഴിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഡോക്ടർ സമൂഹം കടന്നുപോകുന്നത് എന്നത് ഭീതിപ്പെടുത്തുന്നതാണ്. ഈ അതിക്രമം കാട്ടിയവരെ കണ്ടു പിടിക്കുകയും നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും വേണം. ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഐ.എം.എ പ്രതിഷേധിച്ചു

കാസർകോട്: മാവുങ്കാലിൽ ഡോക്ടർ ദമ്പതികളുടെ വാടക വീട് ആക്രമിച്ചതിലും കാർ തകർത്തതിലും ഐ.എം.എ പ്രതിഷേധിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടു പിടിച്ച് തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഐ.എം.എ കാസർകോട് ജില്ലാ ചെയർമാൻ ഡോ.ദീപിക കിഷോർ, കൺവീനർ ഡോ.ബി.നാരായണ നായിക്, കാസർകോട് ഐ.എം.എ പ്രസിഡന്റ് ഡോ.ജിതേന്ദ്ര റായ് , സെക്രട്ടറി ഡോ.പ്രാജ്യോത് ഷെട്ടി, ട്രഷറർ ഡോ.ടി.ഖസിം എന്നിവർ പറഞ്ഞു.