bypass
ബൈപാസ് റോഡിന്റെ ഒരു ഭാഗം അടച്ചിട്ട നിലയിൽ

മാഹി: തലശ്ശേരി ബൈപ്പാസിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി മാഹി റെയിൽവേ സ്റ്റേഷനും, അഴിയൂരിനുമിടയിൽ അറ്രകുറ്റപ്പണി നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവ്വീസ് റോഡിൽ ഇറങ്ങി വേണം പോകാൻ. ദേശീയപാത യുമായി ചേരുന്നയിടത്ത് റോഡിൽ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇവർ ടോൾ കൊടുത്തുപോകേണ്ട സ്ഥിതിയാണ്.
ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ബൈപാസ് പാതയും ദേശീയപാതയും ചേരുന്നിടത്തുള്ള ചെരിവ് കുറക്കുന്നതിനായി പഴയ ടാറിംഗ് ഇളക്കി മാറ്റലാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന പ്രവൃത്തി പൂർത്തിയാവുന്നതോടെ ബൈപാസിൽ നിന്ന് ദേശീയപാതയിൽ വാഹനം പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന കുലുക്കം ഇല്ലാതാവുമെന്നാണ് കരുതുന്നത്. മേൽപ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുള്ള സർവിസ് റോഡുവഴിയാണ് വാഹനങ്ങൾ മുന്നോട്ടു പോകേണ്ടത്. ടോൾ നൽകി ബൈപാസ് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾക്ക് ഇത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി ഡ്രൈവർമാർ പറഞ്ഞു.
കവിയൂർ, ഈസ്റ്റ് പള്ളൂർ, അറവിലകത്ത് പാലം, ഇല്ലത്ത് താഴെ, കൊളശ്ശേരി , കോയോട്ട് തെരു ഭാഗങ്ങളിൽ ഇനിയും സർവ്വീസ് റോഡിന്റെ പണി പൂർത്തിയായിട്ടില്ല. റോഡിലുടനീളം യാത്ര ചെയ്യാനാവില്ലെങ്കിലും ടോൾ പിരിവ് നൽകേണ്ടിവരുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.

കാർ കടന്നുപോകാൻ

വേണ്ടത് ₹150

ബൈപ്പാസിന്റെയും സർവീസ് റോഡുകളുടെയും പണി പാതിവഴിയിലാണ്. പ്രവൃത്തി പൂർത്തീകരിച്ചതിന് ശേഷം മാത്രമേ ടോൾ പിരിക്കാവൂ. മാത്രമല്ല ഒരു ഭാഗത്തേക്ക് ഒരു കാർ കടന്നുപോകാൻ 150 രൂപ കോടുക്കേണ്ടതുണ്ട്. കേവലം 18 കി.മീ. യാത്രക്കാണ് ഇത്രയും സംഖ്യ കൊടുകേണ്ടത്. ചാർജ് കുറയ്ക്കാനും അധികൃതർ തയ്യാറാവണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.