muzhapilangad-beach

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രെെവിംഗ് ബീച്ചായ മുഴുപ്പിലങ്ങാട് ബീച്ചിൽ ഒരിടവേളക്കുശേഷം വാഹനങ്ങൾക്ക് പ്രവേശനം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജൂൺ മുതൽ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാടേക്ക് ശനിയാഴ്ച മുതൽ വാഹനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങി. ഡി.ടി.പി.സി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തിറക്കിയത്. നേരെത്തെ നിലവിലുള്ള ടോൾ പിരിവിലൂടെയാണ് വാഹനങ്ങളെ ബീച്ചിലേക്ക് കടത്തിവിടുന്നത്. ഇരുപത് കീ.മിറ്റാണ് ബീച്ചിൽ വാഹനം ഓടിക്കാനുള്ള പരമാവധി വേഗത. കൂടാതെ ബീച്ചിൽ ഡ്രൈവിംഗ് പരിശീലനം പാടില്ലെന്ന നിർദേശവുമുണ്ട്. പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും നിബന്ധനകൾ പാലിച്ചുവേണം ബീച്ചിലേക്കു കടക്കാൻ. മനോഹരമായ മലബാർ തീരത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തിൽ നീണ്ടുകിടക്കുന്ന ബീച്ചിലൂടെ വാഹനം ഓടിക്കാനുള്ള അവസരം ലഭിക്കുമെന്നതാണ് സഞ്ചാരികളെ മുഴുപ്പിലങ്ങാടേക്ക് ആകർഷിക്കുന്നത്.

കണ്ണൂർ ടൂറിസത്തിന്റെ കണ്ണ്

മലയും പുഴയും കോട്ടകളും കൊണ്ട് സമ്പന്നമാണെങ്കിലും കണ്ണൂർ ടൂറിസത്തിന്റെ ഏറ്റവും ആകർഷണം മുഴപ്പിലങ്ങാട് ബീച്ചാണ്. കേരളത്തിൽ കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന ഒട്ടേറെ ഇടങ്ങളുണ്ടെങ്കിലും കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ ദേശീയ പാത 66ന് (പഴയ ദേശീയ പാത 17) സമാന്തരമായി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്.
പ്രധാന പാതയിൽ നിന്ന് കടൽത്തീരത്തേക്ക് പോവാൻ തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ മനോഹരമായ വഴിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മലബാർ തീരത്തിന്റെ മനോഹര കാഴ്ച കണ്ടുകൊണ്ട് പൂഴിമണൽ പരപ്പിലൂടെ വാഹനം ഓടിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മലബാർ ഭക്ഷണത്തിന്റെ രുചിപ്പെരുമയുമായി റസ്‌റ്റോറന്റുകൾ സമീപത്തുണ്ട്. കൂടാതെ കടൽ തീരത്തിന് തെക്ക് വശത്തായി 200 മീറ്റർ അകലെ ധർമ്മടം തുരുത്ത് എന്ന ഇടവും സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. കറുത്ത പാറകൾ കടൽത്തീരത്തെ ശക്തമായ തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ ഇത് നീന്തൽക്കാർക്ക് ഇഷ്ടപ്പെട്ട ഇടമാണ്. വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഈ ബീച്ചിൽ വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വികസന പ്രവർത്തനങ്ങൾ
മുഴപ്പിലങ്ങാട് മാത്രം 233 കോടിയുടെ സ്വപ്ന പദ്ധതിയായി മലനാട് മലബാർ ക്രൂയ്സ് പദ്ധതി യാഥാർത്ഥ്യത്തോടടുക്കുകയാണ്. ഡ്രൈവ് ഇൻ ബീച്ചിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ച്, ധർമടം ബീച്ച്, ധർമടം തുരുത്ത് എന്നിവിടങ്ങളിലാണ് വികസനം നടപ്പാക്കുന്നത്.വടക്ക് ഭാഗത്ത് നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്കിങ്, കിയോസ്‌കുകൾ, ലാൻഡ്സ്‌കോപ്പിങ് എന്നിവ ഒരുക്കും. കൂടാതെ, തലശ്ശേരി ഹെരിറ്റേജ് പ്രോജക്ടും വരുന്നുണ്ട്. ഒമ്പത് മണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ജില്ലകളും ഈ പദ്ധതിയുടെ ഭാഗമാകും.

സുരക്ഷിതമായ ബീച്ച് സൃഷ്ടിക്കുന്നതിനായി ഡ്രൈവ് ഇൻ പ്രവർത്തനങ്ങൾ ബീച്ചിന്റെ വടക്കുഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. തെക്ക് ഭാഗത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ സ്‌പോർട്സ് ഒരുക്കും. ധർമടം തുരുത്തിൽ പ്രകൃതി കേന്ദ്രം പണിത് നാച്വറൽ ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്. ബീച്ച് ടൂറിസം പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടന്നുവരുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തനങ്ങൾ നടക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമാണചുമതല.

ബീച്ചിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഡ്രൈവിംഗിനുള്ള കരഭാഗവും നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതിനാൽ വാഹനങ്ങൾക്ക് പോകാനുള്ള സ്ഥലം വളരെ കുറവാണ്. വെള്ളം കയറ്റം ഉള്ള സമയത്താണെങ്കിൽ തീരെ വാഹനങ്ങൾക്ക് ഇവിടെ ഇറങ്ങാനും പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നു.


ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

സംസ്ഥാനത്തെ മറ്റ് കടൽത്തീരങ്ങളിലെ മണൽ ഉറപ്പില്ലാത്തതാണ്. അതാണ് മുഴപ്പിലങ്ങാട് ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. ഡ്രൈവിംഗ് അനുഭവത്തിന് പുറമെ അറബിക്കടലിന്റെ അതിമനോഹരമായ കാഴ്ചകളും മുഴപ്പിലങ്ങാട് ബീച്ചിൽ കാണാം. നീല ജലത്തിന്റെ വിശാലമായ വിസ്തൃതിയും സ്വർണ്ണ മണലും മനോഹരമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നു


സഞ്ചാരികൾ ഒഴുകുന്നു
മഴ ശക്തമായതോടെ സുരക്ഷ മുൻനിറുത്തി അടച്ച ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കൊക്കെ സഞ്ചാരികളെത്തി തുടങ്ങി. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലാണ് തിരക്ക് കൂടുതൽ. മലയോരത്തടക്കം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ളതിനാൽ ട്രക്കിംഗും വിലക്കിയിയിരുന്നെങ്കിലും വിലക്കുകൾ നീക്കിയിരിക്കുകയാണ്.


പരിശീലനമൊരുക്കി ഡി.ടി.പി.സി.

സുരക്ഷിതമായ വിനോദ സഞ്ചാരം ലക്ഷ്യമിട്ട് സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനവും ഒരുക്കി വരികയാണ് ഡി.ടി.പി.സി. കണ്ണൂരിൽ നവാഗത സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നായ പുല്ലൂപ്പിക്കടവിൽ ഇതിനായി പരിശീലനം തുടങ്ങി കഴിഞ്ഞു.ട്രെക്കിങ്, കയാക്കിങ്, നാച്വർ വാക്ക് വാട്ടർ സ്‌പോർട്സ് വാട്ടർ റാ്ര്രഫിങ്, കനോയിങ്, സ്‌കൂബ ഡൈവിങ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് എന്നിവയാണ് പുല്ലൂപ്പിക്കടവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് വാട്ടർ സ്‌പോർട്സ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കേരള മാരി ടൈം ബോർഡ്, കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്നാണ് തീരദേശമേഖലയിലും മലമുകളിലും ഉൾനാടൻ ജലപാതകളിലുമെല്ലാം സാഹസിക ടൂറിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കാനുള്ള സംരഭകർക്ക് പരിശീലനം നൽകുന്നത്.