കണ്ണൂർ: കോർപ്പറേഷനിലെ എൻജിനീയറിംഗ് വിഭാഗത്തിനെതിരെ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. പദ്ധതികൾക്ക് ഇവർ ഉടക്കിടുന്നതായി ഭരണ -പ്രതിപക്ഷ കൗൺസിലർമാർ ആഞ്ഞടിച്ചു. നിലവിൽ സോണൽ പരിധികളിൽ ഒരു എൻജിനീയർ തുടങ്ങിവച്ച പണി മറ്റൊരു എൻജിനീയർ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ജോലി നടത്തിയിരുന്ന എൻജിനീയർ സ്ഥലംമാറ്റം ലഭിച്ച് പോകുമ്പോൾ ആ പണി അതോടെ നിലയ്ക്കുകയാണ്.
കൗൺസിലർമാർ നേരിട്ട് സംസാരിച്ചിട്ടും യാതൊരു സഹകരണ മനോഭാവവും ഇല്ല. നിസാര പ്രശ്‌നങ്ങൾ പറഞ്ഞ് പ്രവൃത്തികൾ മാറ്റിവെക്കുകയാണ്. പല ഡിവിഷനിലും സ്പിൽ ഓവർ പ്രവൃത്തിപോലും പൂർത്തിയാക്കിയിട്ടില്ല. ഇതോടെ അനുവദിച്ച ഫണ്ടും നഷ്ടപെടുകയാണെന്നും കൗൺസിലർമാർ പറഞ്ഞു. ഇതിന് പുറമേ ഉദ്യോഗസ്ഥർ ജോലി ഏറ്റെടുത്ത് കോൺട്രാക്ടർമാർ ജോലി തുടങ്ങാൻ എല്ലാ മുന്നൊരുക്കങ്ങളും ചെയ്ത് കഴിഞ്ഞാൽ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ സ്റ്റോപ്പ് മെമ്മോ നൽകുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു.
പുഴാതി ഡിവിഷനിൽ ഇത്തരത്തിൽ പണി നിർത്തിവച്ചതായി ഡിവിഷൻ കൗൺസിലർമാർ ചൂണ്ടിക്കാടി. അമൃത് പദ്ധതി പൈപ്പ് ലൈൻ അതുവഴി പോകുന്നുവെന്ന കാരണം പറഞ്ഞാണ് പ്രവൃത്തി തടഞ്ഞത്. എന്നാൽ പൈപ്പ് ലൈൻ അതുവഴിയായിരുന്നില്ല. അത് മനസിലായിട്ടും പണി പുനരാരംഭിക്കാൻ അറിയിപ്പ് ഒന്നും നൽകിയില്ല. ഒരു വർഷം മുമ്പുള്ള കൗൺസിൽ യോഗ തീരുമാനങ്ങൾ ഒരുമിച്ച് കൗൺസിലർമാർക്ക് നൽകുന്നതിനാൽ ഫയൽ വായിക്കാൻ പോലും സാധിക്കുന്നില്ലെന്നും ഇത് മാറ്റണണമെന്നും കൗൺസിലർമാർ മേയറോട് ആവശ്യപ്പെട്ടു.
മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.കെ.രാഗേഷ്, സുരേഷ് ബാബു എളയാവൂർ, അഡ്വ.ചിത്തിര ശശിധരൻ, വി.കെ.ഷൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രതിപക്ഷ പ്രതിഷേധവും
ആറ്റടപ്പ ഡയാലിസിസ് സെന്റർ നടത്തിപ്പ് ചുമതല സന്നദ്ധ സംഘടനകൾക്ക് നൽകിയാൽ കോർപ്പറേഷനും ജനങ്ങൾക്കും ഗുണകരമാകുമെന്ന് കൗൺസിലർ സാബിറ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഒടുവിൽ പ്രതിപക്ഷം മേയറുടെ ഡയസിനരികിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. ശ്രീനാരായണ പാർക്കിന് സമീപം കോർപ്പറേഷന്റെ 10.42 ഏക്കർസ്ഥലം ലീസിന് കൊടുക്കുന്നതിന് പകരം കോർപ്പറേഷന് തന്നെ ഷോപ്പിംഗ് കോംപ്ലക്‌സ് പോലുള്ള കെട്ടിടം പണിയണമെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
നഗര സൗന്ദര്യവത്ക്കരണം: ഡി.പി.ആർ അംഗീകരിച്ചു
നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഗാന്ധി സർക്കിൾ, പഴയ ബസ് സ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ, പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷൻ എന്നിവ സംബന്ധിച്ച ഡി.പി.ആറുകൾ യോഗം അംഗീകരിച്ചു. 2023-24 വർഷത്തെ വാർഷിക ധനകാര്യ പത്രികയും യോഗത്തിൽ അംഗീകരിച്ചു.