നീലേശ്വരം: മടിക്കൈ പഞ്ചായത്തിൽ തുടങ്ങാൻ പദ്ധതിയിട്ട മാംസ സംസ്കരണ പദ്ധതി എങ്ങുമെത്താതെ ഫയലിൽ കിടക്കുന്നു. 2019 ലാണ് മടിക്കൈ പഞ്ചായത്തിൽ മാംസ സംസ്കരണ പദ്ധതി തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി 250 ഏക്കർ സ്ഥലം 2017ൽ തന്നെ കണ്ടു വച്ചിരുന്നു. പരപ്പ, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകകളിൽ ആട്, കോഴി, പോത്ത് എന്നിവകളെ വളർത്തി ഇറച്ചി ശേഖരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ യുടെ സഹായത്തോടെയാണ് പദ്ധതി തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ പ്രോജക്ട് തയ്യാറാക്കാൻ വെറ്ററിനറി സർവ്വകലാശാല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹം സ്ഥലം സന്ദർശിക്കുകയും പ്രോജക്ട് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, സ്വന്തം താല്പര്യങ്ങൾ മുൻനിർത്തിയാണിതെന്ന് ആരോപിച്ച് അന്നത്തെ പഞ്ചായത്ത് അധികൃതർ ചോദ്യം ചെയ്യുകയുണ്ടായി. വിഷയം സ്ഥലം എം.എൽ.എ ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുകയും എം.എൽ.എ വിഷയം ചർച്ച ചെയ്യാൻ പല യോഗങ്ങളും വിളിച്ച് ചേർക്കുകയുണ്ടായി. വെറ്ററിനറി സർവകലാശാല ഉദ്യോഗസ്ഥരും മടിക്കൈയിൽ മാംസ സംസ്കരണ പദ്ധതി വരുന്നതിനോട് വിമുഖത കാണിക്കുകയായിരുന്നുവെന്നും പറയുന്നു.
ഒടുവിൽ പ്രതീക്ഷകൾ ബാക്കിയായി
പദ്ധതി തുടങ്ങിയാൽ എവിടെ നിന്ന് മൃഗങ്ങളെ കിട്ടും, പദ്ധതിക്കാവശ്യമായ വെള്ളം കിട്ടുമോ എന്നുള്ള സംശയങ്ങൾ ഉയർത്തി ഉദ്യോഗസ്ഥർ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം 1000 പേർക്ക് തൊഴിൽ ലഭിക്കും. പിന്നീട് 3000 പേർക്ക് തൊഴിൽ ലഭിക്കുമെന്നൊക്കെ പറഞ്ഞെങ്കിലും, 85 കോടിയെങ്കിലും പദ്ധതിക്ക് വേണ്ടി വരുമെന്ന് പറഞ്ഞ് പ്രോജക്ട് പാതിവഴിയിൽ ഉപേക്ഷിച്ചു. അങ്ങിനെയാണ് മടിക്കൈ പഞ്ചായത്തിൽ വിഭാവനം ചെയ്ത മാംസ സംസ്കരണ പദ്ധതി പാളിയത്.