കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് കോട്ടപ്പാറ വഴി മലയോരത്തേക്കുള്ള സ്വകാര്യ ബസുകൾ ഫെയർസ്റ്റേജിൽ തട്ടിപ്പുകാട്ടി അധിക നിരക്ക് ഈടാക്കുന്നതായി പരാതി. മടിക്കൈ, കാസർകോട് റൂട്ടിലെ ബസുകളെല്ലാം മാവുങ്കാലിലേക്ക് മിനിമം നിരക്കായ 10 രൂപ വാങ്ങുമ്പോൾ, കോട്ടപ്പാറ വഴിയുള്ള ബസുകൾക്ക് 13 രൂപയാണ്. കിഴക്കുംകരയിൽ തങ്ങൾക്ക് സ്റ്റേജുള്ളതാണ് നിരക്ക് വ്യത്യാസത്തിന് കാരണമായി ഉടമകളുടെ വാദം. ഇത് കള്ളമെന്ന് വ്യക്തമാക്കുന്ന രേഖകൾ മോട്ടോർ വാഹനവകുപ്പിൽ നിന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ചു.

1974 ഒക്ടോബർ 28 ന് പ്രാബല്യത്തിൽ വന്ന കാഞ്ഞങ്ങാട് -പാണത്തൂർ റൂട്ടിലെ ഫെയർ സ്റ്റേജിലും, 1974 ഒക്ടോബർ 18ന് നടന്ന ആർ.ടി.എ യോഗത്തിൽ അംഗീകരിച്ച കൊന്നക്കാട് -ഒടയംചാൽ -കാഞ്ഞങ്ങാട് റൂട്ടിലെ ഫെയർസ്റ്റേജുകളിലും കിഴക്കുംകര കാണാനില്ല. അതേസമയം കാഞ്ഞങ്ങാട് -കൊന്നക്കാട് റൂട്ടിന് 53.9 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നാണ് ഫെയർസ്റ്റേജ് നിർണയിച്ച രേഖയിൽ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും സ്വകാര്യ ബസുകൾ പെർമിറ്റ് ലഭിക്കാൻ കൊടുത്ത രേഖയിലുമെല്ലാം 49 കിലോ മീറ്ററാണ് ഈ റൂട്ടിലുള്ള ദൂരം. ഈ രീതിയിൽ ഫെയർസ്റ്റേജ് പരിഷ്‌കരിച്ചാൽ കൊന്നക്കാടേക്ക് ടിക്കറ്റ് നിരക്കിൽ 58 രൂപയുടെയും മാവുങ്കാൽ മുതൽ പരപ്പ വരെ 23 രൂപയുടെയും കുറവ് വരും. ഇല്ലാത്ത കിഴക്കുംകര സ്റ്റേജിന്റെ മറവിൽ മാത്രം പ്രതിദിനം അര ലക്ഷം രൂപ സ്വകാര്യ ബസുകൾ കൊള്ളയടിക്കുന്നതായാണ് പറയുന്നത്. അതേസമയം തങ്ങൾക്ക് കിഴക്കുംകരയിൽ ഔദ്യോഗികമായി തന്നെ ഫെയർസ്റ്റേജുള്ളതായി കെ.എസ്.ആർ.ടി.സി നൽകിയ മറുപടിയിൽ പറയുന്നു. മോട്ടോർ വാഹന ചട്ടങ്ങൾ 1989, ചട്ടം 211 ആണ് ഇതിന് അധികാരം നൽകുന്നത്. അതേസമയം പാണത്തൂർ, കൊന്നക്കാട് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ടിക്കറ്റ് നിരക്കുള്ള സ്ഥിരം യാത്രക്കാർക്ക് സ്വകാര്യ ബസുകൾ ചെറിയ ഇളവുകൾ നൽകി ആകർഷിക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഇതിന് നിയമ തടസവുമുണ്ട്. ഹ്രസ്വദൂര യാത്രക്കാരിൽ നിന്ന് അധികം പണം വാങ്ങിയുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.


ഏഴാംമൈൽ- തായന്നൂർ റൂട്ടിലും തട്ടിപ്പ്

വെള്ളരിക്കുണ്ട് -കാലിച്ചാനടുക്കം ഏഴാംമൈൽ കാഞ്ഞങ്ങാട് റൂട്ടിൽ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ഓർഡിനറി സർവീസൊന്നുമില്ലെങ്കിലും, മുൻപ് ഇതുവഴി ഫെയർസ്റ്റേജ് നിർണയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാർ വാങ്ങുന്ന പോർക്കളം സ്റ്റേജ് ഒഴിവാക്കിയിട്ട് പോലും 40 കിലോ മീറ്റർ ദൂരത്തിന് 50 കിലോമീറ്ററിന്റെ സ്റ്റേജാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ ബസുകൾ ഏഴാംമൈൽ മുതൽ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റർ ഓടാൻ 15 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കും. രണ്ടര കിലോമീറ്റർ അകലത്തിൽ സ്റ്റേജുകൾ വേണമെന്ന് നിയമം പറയുമ്പോൾ, ഇവിടെ ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിന് വരെ സ്റ്റേജുണ്ട്. ശാസ്ത്രീയമായി പരിഷ്‌കരിച്ചാൽ തായന്നൂരിൽ നിന്ന് കാഞ്ഞങ്ങാടെത്താൻ 35ന് പകരം 28 രൂപ മതി.


പരിഷ്‌കരിക്കാം, മടിക്കൈ മാതൃകയിൽ

കാഞ്ഞങ്ങാട്, കാരാക്കോട്, കാഞ്ഞിരപ്പൊയിൽ റൂട്ടുകളിലെ ഫെയർ സ്റ്റേജ് 2022 ഏപ്രിൽ 29നാണ് പരിഷ്‌കരിച്ചത്. 2015ൽ വിജിലൻസ് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടും സ്വകാര്യ ബസുടമകളുടെ സമ്മർദ്ദത്തിൽ മോട്ടോർ വാഹന വകുപ്പ് തുടർ നടപടിയിൽ ഉഴപ്പുകയായിരുന്നു. ജനം പരാതിയിൽ ഉറച്ചു നിന്നതോടെ പരിഷ്‌കരണം നടപ്പായി.