
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ജനറൽ സർജൻ ഡോ.എൻ.വി.അഭിജിത് ദാസും ഭാര്യയും പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ദിവ്യ എന്നിവർ താമസിക്കുന്ന മാവുങ്കാൽ ഉദയംകുന്നിലെ വാടക വീടിനും കാറുകൾക്കും നേരെ ബുധനാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം വേഗത്തിലാക്കി. വാടക വീട്ടിലെ സിസി ടി.വി പ്രവർത്തിക്കാത്തതിനാൽ സമീപത്തെ വീടുകളിലെ സി സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണിപ്പോൾ.
നാല് മാസം മുമ്പാണ് ഡോക്ടർ ദമ്പതികൾ ഉദയംകുന്നിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്.ആഴ്ചകൾക്ക് മുമ്പ് ഇതിന് സമീപത്ത് നടന്ന ഒരു ആഘോഷപരിപാടിക്ക് പിരിവ് നൽകാത്തതിനെ ചൊല്ലി സംഘാടകരിൽ ചിലരും ഡോക്ടറും തമ്മിൽ ഉണ്ടായ തർക്കം സംബന്ധിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്. അന്ന് വീട്ടിൽ പിരിവിന് വന്നവരുമായി ഡോക്ടർ അഭിജിത് തർക്കിച്ചിരുന്നു. തർക്കത്തിനൊടുവിൽ പിരിവ് നൽകാതെ സംഘാടകരെ പറഞ്ഞുവിട്ടതുമായി ബന്ധപ്പെട്ട് അസ്വാരസ്യം നിലനിന്നിരുന്നതായും വിവരമുണ്ട്.പിന്നീട് സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ഈ വിഷയം സംസാരിച്ചു തീർത്തിരുന്നെങ്കിലും പിന്നീട് വീടിന് പുറത്തുവെച്ചിരുന്ന ഡോക്ടർമാരുടെ നെയിം ബോർഡ് കാണാതായി. ഡോക്ടറോട് ഉടനെ വീട് ഒഴിഞ്ഞുപോകാൻ പറയണമെന്ന് സഹായിയോട് ഭീഷണി മുഴക്കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിന് ഒഴികെ മറ്റാർക്കും തങ്ങളോട് വിരോധമില്ലെന്നാണ് ഡോക്ടർ പൊലീസിന് നൽകിയ മൊഴി. വീട്ടിൽ ചികിത്സ ഇല്ലാത്തതിനാൽ ചികിത്സയുമായി ബന്ധപ്പെട്ട് മറ്റാർക്കും എതിർപ്പ് ഉണ്ടാകാൻ ഇടയില്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.