
കണ്ണൂർ: വാർഷിക പൊതുയോഗങ്ങൾ തുടർച്ചയായി ഓൺലൈൻ വഴി നടത്തുന്നതിനെതിരെ കിയാലിനോടുള്ള എതിർപ്പ് പരസ്യമാക്കി ഓഹരി ഉടമകൾ. ബഹുഭൂരിപക്ഷം പേർക്കും പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിൽ പരസ്യമായി എതിർപ്പ് അറിയിച്ച ഓഹരിയുടമകൾ കണ്ണൂർ വിമാനത്താവളം നശിപ്പിക്കരുതെന്ന് മാനേജ്മെന്റിനോട് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.
യോഗത്തിൽ പങ്കെടുക്കുന്നവർക്ക് എന്തെങ്കിലും കാര്യങ്ങൾ അറിയണമെങ്കിൽ ചോദ്യങ്ങൾ മുൻകൂട്ടി എഴുതിക്കൊടുക്കണം. കിയാൽ മാനേജ്മെൻ്റിന് താൽപര്യമില്ലാത്തതാണെങ്കിൽ ചോദ്യത്തിന് അവസരം കിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
സംസ്ഥാന സർക്കാർ മൂവായിരം കോടി രൂപയിലധികം മുടക്കിയ കമ്പനിയുടെ ആസ്തിയായി കാണിച്ചിരിക്കുന്നത് 1338 കോടി രൂപയാണ്. അതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായി കണക്കിലുള്ളത് 525 കോടി രൂപ മാത്രമാണ്. സഞ്ചിത നഷ്ടം 724 കോടി. 14 വർഷം മുമ്പ് ഓഹരിയെടുക്കുമ്പോൾ കൃത്യമായി സി.എ.ജി ഓഡിറ്റ് നടന്നിരുന്ന സ്ഥാപനമായിരുന്നു കിയാൽ.
ഒന്നാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റ ശേഷം സി.എ.ജി ഓഡിറ്റ് അനുവദിച്ചിട്ടില്ല. പണം മുടക്കിയവർക്ക് പരാതി പറയാൻ പോലും അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഓഹരി ഉടമകൾ സംഘടന രൂപീകരിച്ചത്. നിയമ വഴികൾ തേടി കിയാലിനെ നേർവഴിയിലെത്തിക്കാനാണ് ഓഹരി ഉടമകളുടെ ശ്രമം.
പരാതി നൽകി
എയർപോർട്ട് കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം 23 ന് ഓൺലൈൻ മുഖാന്തിരം ചേരാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ഓഹരി ഉടമകൾ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനും കമ്പനി ചെയർമാനുമായ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിട്ടുണ്ട്
ഓഹരി ഉടമകളുടെ ആക്ഷേപങ്ങൾ
കിയാലിന്റെ ഇതുവരെയുള്ള വിവിധ ക്രമക്കേടുകളും അഴിമതികളും ഓഹരി ഉടമകൾക്ക് നേരിട്ട് ബോദ്ധ്യപ്പെടുത്താനുള്ള ന്യായമായ അവകാശം ലംഘിക്കപ്പെടുന്നു
ചുരുങ്ങിയ സമയം മാത്രം അനുവദിച്ച് ചുരുക്കം പേരെ മാത്രം പങ്കെടുപ്പിക്കുന്ന തന്ത്രമാണ് ഓൺലൈൻ യോഗം
വിമാനത്താവള വികസനത്തിന് കിയാൽ അധികൃതർ തടസ്സം നിൽക്കുന്നു.
കരാർ നൽകുന്നതും നിയമനവും നിയമവിരുദ്ധമായ രീതിയിൽ
വികസന പദ്ധതിയിൽ പങ്കാളികളായ ഓഹരി ഉടമകളെ സമരത്തിലേക്കും നിയമ പോരാട്ടത്തിലേക്കും തള്ളിവിടുന്ന അധികൃത നിലപാടിനെതിരെ മുഴുവൻ ജനതിപത്യ വിശ്വാസികളേയും സംഘടിപ്പിക്കുന്നതിന് അസോസിയേഷൻ നേതൃത്വം നൽകും .
അബ്ദുൾ ഖാദർ പനങ്ങാട്ട്,ചെയർമാൻ ,കിയാൽ ഷെയർ ഹോൾഡേർസ് അ സോസിയേഷൻ