snake

നാലു വർഷത്തിനിടെ പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞു

കണ്ണൂർ: പാമ്പുകടിയേറ്റുള്ള മരണം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ നാലു വർഷത്തിനിടെ നാലിലൊന്നായി കുറഞ്ഞതായാണ് കണക്ക്. പാമ്പു കടിയേൽക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ കൊല്ലുന്ന സംഭവങ്ങളും ഇല്ലാതായിട്ടുണ്ട്. പാമ്പുകളെ കണ്ടാൽ റെസ്‌ക്യൂ ടീമിലെ അംഗങ്ങളെ വിളിച്ച് പാമ്പുകളെ പിടികൂടുന്ന രീതിയാണ് എല്ലാവരും പാലിക്കുന്നത്.

വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമായ റെസ്ക്യൂ ഇടപെടലുകളുമാണ് പാമ്പു കടിയേൽക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം പാമ്പുകളെ റസ്‌ക്യൂ ചെയ്തത് കണ്ണൂർ ജില്ലയിലെ റസ്‌ക്യൂവറായ വിജിലേഷ് കോടിയേരിയാണ്. പാമ്പുകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ നല്ല മാറ്റം വന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. കരയിൽ കാണുന്ന 95 തരം പാമ്പുകളിൽ അഞ്ച് തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ. വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല.

മാതൃകയായി സർപ്പ ആപ്പ്

നാലുവർഷം മുൻപ് കേരള വനംവകുപ്പ് ആരംഭിച്ച സർപ്പ മൊബൈൽ ആപ്പിലൂടെയാണ് റെസ്‌ക്യൂ പ്രവർത്തനം വനം വകുപ്പ് ക്രോഡീകരിക്കുന്നത്. പാമ്പുകളെ പിടികൂടി അവയുടെ ആവാസവ്യവസ്ഥയിൽ കൊണ്ടുപോയിടുന്നതിന് പരിശീലനം നൽകിയ വൊളന്റിയർമാരുടെ മൊബൈൽ നമ്പർ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തിൽ ഈ ആപ്പ് അരലക്ഷത്തിലേറെ പേർ ഇതിനകം ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. പാമ്പ് കടിയോറ്റാൽ ചികിത്സ ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചും സർപ്പ ആപ്പിൽ നിന്ന് അറിയാൻ കഴിയും. എത്ര പാമ്പുകളെ പിടിക്കുന്നു, എവിടെ നിന്നൊക്കെ പിടിക്കുന്നു എന്നതിന്റെ കൃത്യമായ കണക്കും ആപ്പിൽ ലഭിക്കും.

ചികിത്സാ ചെലവ് വനം വകുപ്പ്

പാമ്പുകടിയേറ്റ് ചികിത്സ സ്വകാര്യ ആശുപത്രികളിലാണെങ്കിലും ചെലവ് വനം വകുപ്പ് നൽകും. ബില്ലും ഡിസ്ചാർജ് സമ്മറിയും ഉൾപ്പെടുത്തി അക്ഷയ സെന്റർവഴി അപേക്ഷിച്ചാൽ ഒരു ലക്ഷം വരെ വനം വകുപ്പ് നൽകും. മരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക.

4 വ‌ർഷം, 34,559 പാമ്പുകൾ

നാലുവർഷത്തിനിടെ 35,874 പേർ സർപ്പ ആപ്പിലുള്ളവരുമായി ബന്ധപ്പെടുകയും 34,559 പാമ്പുകളെ പിടികൂടുകയും ചെയ്തു. ഇതിൽ 266 രാജവെമ്പാലയും 11,566 മൂർഖനും 23 അണലിയും 7163 മലമ്പാമ്പുമായിരുന്നു.

അൽപമൊന്ന് ശ്രദ്ധിച്ചാൽ പാമ്പു കടി ഒഴിവാക്കാൻ സാധിക്കും. ഉഗ്രവിഷമുള്ള പാമ്പ് കടിച്ചാൽ മാത്രമേ അപകടം സംഭവിക്കൂ. അപ്പോൾ മാത്രമേ ചികിത്സ അത്യാശ്യമായി വരുന്നുള്ളൂ. രാത്രി കാലങ്ങളിൽ വെളിച്ചം ഉപയോഗിക്കുക. വിറക് പുര പോലുള്ള പാമ്പ് ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഒരു വടി ഉപയോഗിച്ച് തട്ടി മാറ്റി മാത്രം പെരുമാറുക

റിയാസ് മാങ്ങാട്, മാർക്ക് സംഘാടകൻ, റസ്‌ക്യൂവർ