photo-1-
ആദർശ് കുമാർ

കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യകണ്ണി വിരാജ്പേട്ട കുടക് സ്വദേശി ആദർശ് കുമാറിനെ (24) ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും വയനാട് കാട്ടിക്കുളത്ത് വെച്ചാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞവർഷം ജൂണിലാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തെ തുടർന്നാണ് ഷെയർ ട്രേഡിംഗിൽ നിക്ഷേപം നടത്തിയത്. ആദ്യ ഘട്ടങ്ങളിൽ 9 ലക്ഷം രൂപ വരെ തിരിച്ചു കിട്ടിയിരുന്നു. നല്ല ലാഭം കണ്ടു തുടങ്ങിയതോടെ വിവിധ ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം നിക്ഷേപിച്ചു. പിന്നീട് ഓൺലൈൻ വഴി ലാഭവിഹിതം ഉൾപ്പെടെ കാണാറുണ്ടെങ്കിലും പണം തിരിച്ചെടുക്കാനാകാത്തതിനെ തുടർന്നാണ് ചതിക്കുഴിയിൽപ്പെട്ടതായി മനസിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ടൗൺ പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് ഒരു വർഷത്തിനു ശേഷം പ്രതി പിടിയിലായത്. ഇത്തരം കേസുകളിൽ ആദ്യമായാണ് നേരിട്ട് പണം തട്ടിയ ആൾ അറസ്റ്റിലാവുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണിയെ പിടിക്കാനായതോടെ സംഘത്തിലെ മറ്റ് കണ്ണികളും പിടിയിലാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എസ്.ഐമാരായ ഷമീൽ, പ്രദീപൻ, എ.എസ്.ഐ രാജേഷ്, സി.പി.ഒ വിനിൽ എന്നിവരും പ്രതിയെ പിടികൂടിയ സ്ക്വാഡിൽ ഉണ്ടായിരുന്നു.