തളിപ്പറമ്പ്: റോഡിൽ പാകിയ ഇന്റർലോക്ക് കട്ടകൾ ഇളകി അപകടങ്ങൾ പതിവായി. തളിപ്പറമ്പ് നഗരസഭയിലെ പാലകുളങ്ങര റോഡിലാണ് ലക്ഷങ്ങൾ മുടക്കി റോഡ് നവീകരണം തുടങ്ങിയത്. എന്നാൽ, മാസങ്ങൾക്കു ശേഷവും പൂർത്തിയാക്കിയില്ലെന്നു മാത്രമല്ല, സ്ഥിരം തകരുന്ന 80 മീറ്റർ റോഡ് ഇന്റർലോക്ക് പതിപ്പിച്ചത് മാസങ്ങൾക്കകം തന്നെ ഇളകിയതും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാക്കിയിരിക്കുകയാണ്.
മന്ന -തൃച്ചംബരം റോഡിൽ നിന്നും തുടങ്ങി ഭ്രാന്തൻകുന്ന് എയർപ്പോർട്ട് റോഡിൽ അവസാനിക്കുന്ന ഏകദേശം ഒരു കിലോമീറ്ററിലേറെ വരുന്ന ഭാഗത്ത് നവീകരണ പ്രവൃത്തിക്കായി 23 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്ക്കരിച്ചത്. പദ്ധതി പ്രകാരം റോഡ് വീതി കൂട്ടി ടാർ ചെയ്യുക, റോഡരികിൽ കോൺക്രീറ്റ് ചെയ്യുക, സ്ഥിരമായി റോഡ് തകരുന്ന ഭാഗത്ത് ഇന്റർലോക്ക് പതിക്കുക എന്നീ പ്രവൃത്തികളായിരുന്നു പൂർത്തിയാക്കേണ്ടിയിരുന്നത്. കരാർ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരവധി തുക കരാറുകാർക്ക് ലഭിക്കാനുള്ളതിനാൽ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യം ഉണ്ടായിരുന്നു. തുടർന്ന് നഗരസഭയും വാർഡ് കൗൺസിലറും ഇടപെട്ടതോടെയാണ് കരാറുകാരൻ പ്രവൃത്തി തുടങ്ങിയത്.
മഴയായത് കാരണം ടാറിംഗ് ഒഴികെ, കോൺക്രീറ്റ് ചെയ്യുന്നതും ഇന്റർലോക്ക് പതിപ്പിക്കുന്നതും പൂർത്തിയാക്കുകയായിരുന്നു.
അഴിമതി പുറത്തുവരുന്നു
മാസങ്ങൾക്കകം തന്നെ ഇന്റർലോക്ക് കട്ടകൾ ഇളകുകയും തകരുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. കട്ടകൾ ഇളകിയതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥയാണ്. മറ്റ് സ്ഥലങ്ങളിൽ പതിപ്പിച്ച ഇന്റർലോക്ക് കട്ടകൾ യാതൊരു തകരാറുമില്ലാതെ നിലനിൽക്കുമ്പോൾ പ്രവൃത്തിയിലെ അഴിമതി കാരണമാണ് പാലകുളങ്ങരയിൽ ഇന്റർലോക്ക് തകരാനിടയായതെന്നും ഇതിനെതിരെ വിജിലൻസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.