പരിയാരം: ഉത്തര മലബാറിലെ പ്രധാന ആതുരാലയമായ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് പ്രദേശത്ത് ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യത്തിന് ശക്തിയേറി. നിലവിൽ ദേശീയപാതയിൽ ബസ് ഇറങ്ങി മെഡിക്കൽ കോളേജിലേക്ക് നടന്നാണ് രോഗികളും, കുട്ടിരിപ്പുകാരും എത്തുന്നത്. പരിയാരം എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നതെങ്കിലും കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്.
119 ഏക്കറിൽ പരന്നുകിടക്കുന്ന ഈ മെഡിക്കൽ കോളേജിലേക്ക് കണ്ണൂർ നഗരത്തിൽ നിന്നും 30 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 10 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 13 കിലോമീറ്ററും ദൂരമുണ്ട്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പയ്യന്നൂർ -തളിപ്പറമ്പ് നഗരങ്ങളിലൂടെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത കടന്നു പോകുന്നില്ല. എന്നാൽ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിന് തൊട്ട് മുന്നിലൂടെയാണ് ദേശീയ പാത കടന്നു പോകുന്നത്. മലബാർ മേഖലയിൽ ദേശീയപാതയോരത്തുള്ള ഏക മെഡിക്കൽ കോളേജ് എന്ന നിലയിൽ ഈ പ്രദേശത്ത് ഒരു ബസ് സ്റ്റാന്റ് നിർമ്മിക്കണമെന്നും കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ചികിത്സക്കായി എത്തിച്ചേരുന്ന ഇവിടം ബസ് സ്റ്റാന്റ് അനിവാര്യമാണെന്നും ഇത് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരുന്ന ജനങ്ങൾക്ക് ഏറെ ഉപകരിക്കുമെന്നുമാണ് വാദം.
ആരോഗ്യവകുപ്പിൽ നിന്നും സ്ഥലം ലീസിന് വാങ്ങി കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഇവിടെ ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്റ് നിർമ്മിക്കണമെന്നും ഇതിലൂടെ മെഡിക്കൽ കോളേജിൽ എത്തിച്ചേരാനുള്ള യാത്രാക്ലേശവും, ടൗണിന്റെ വികസനവും സാദ്ധ്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതിദിനം എത്തുന്നവർ 5000
രണ്ടായിരത്തിലേറെ ജീവനക്കാർ ഉൾപ്പെടെ പ്രതിദിനം അയ്യായിരത്തിലേറെ ആളുകളാണ് മെഡിക്കൽ കോളേജ് പരിസരത്ത് എത്തിച്ചേരുന്നത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് രണ്ട് പതിറ്റാണ്ട് മുൻപെ പണിത കൂറ്റൻ മഴവെള്ള സംഭരണി കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് എന്ന് മാത്രമല്ല കൊതുകു വളർത്തുകേന്ദ്രമായി മാറിയിരിക്കുകയുമാണ്. വെള്ളമില്ലാത്തപ്പോൾ കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞുമാണ് സംഭരണി. മഴക്കാലമാകുമ്പോൾ കൊതുകിന്റ കേന്ദ്രവുമാണ് ഇവിടം. മഴവെള്ള സംഭരണിയുടെ ദേശീയപാതയോരത്തുള്ള തിട്ട പൊളിച്ചാൽ എളുപ്പത്തിൽ ഇവിടെ ഒരു ബസ് സ്റ്റാന്റ് നിർമ്മിക്കാമെന്നാണ് മെഡിക്കൽ കോളേജ് ജീവനക്കാരും, പൊതുജനങ്ങളും ഒരുപോലെ പറയുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ആൾക്കരാണ് എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ ഒരു ബസ് സ്റ്റാൻഡ് ഇവിടെ അത്യാവശ്യമാണ്. മെഡിക്കൽ കോളേജിന് പരിസരത്തെ കൊതുകുവളർത്ത് കേന്ദ്രമായ ഉപയോഗശൂന്യമായ മഴവെള്ള സംഭരണി നികത്തി അവിടം സ്റ്റാൻഡ് നിർമ്മിക്കുവാനുള്ള തീരുമാനം അധികൃതർ കൈക്കൊള്ളണം.നജ്മുദ്ദീൻ പിലാത്തറ, ജീവകാരുണ്യ പ്രവർത്തകൻ