പാപ്പിനിശ്ശേരി: ദേശീയപാതയിൽ ശാപമായി മാറുന്ന ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച രാവിലെ നൂറുകണക്കിനാളുകളുടെ തൊഴിൽ പോലും മുട്ടിച്ചു. രാവിലെ ഒൻപതോടെ വളപട്ടണം പാലത്തിന്റെ മദ്ധ്യത്തിൽ ലോറി ബ്രേക്ക് ഡൗൺ ആയതോടെയാണ് യാത്രാ തടസം സങ്കീർണമായത്. അതിനിടയിൽ പിന്നാലെ എത്തിയ മറ്റൊരു വാഹനം ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ കുടുങ്ങിയതോടെ പാലത്തിന്റെ ഇരുഭാഗത്തേക്കും ഉള്ള വാഹന ഗതാഗതാഗതം പൂർണമായി തടസപ്പെട്ടു. വിവിധ ഓഫീസുകളിലേക്കും മറ്റു ജോലികൾക്കും പോകുന്നവർ ഈ കുരുക്കിൽ പ്പെട്ടതോടെ കാൽ മണിക്കൂറിനുള്ളിൽ പുതിയതെരു മുതൽ പാപ്പിനിശ്ശേരി വരെ പാത കുരുക്കിൽ അമർന്നു.
അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഇരുഭാഗത്തേക്കും ഒരിഞ്ച് പോലും വാഹനങ്ങൾക്ക് കടക്കാനായില്ല. ഒടുവിൽ വളപട്ടണം പൊലീസ് എത്തി. കുടുങ്ങിയ വാഹനങ്ങൾ പാലത്തിന് മറുഭാഗത്തേക്ക് 10.30 ഓടെയാണ് എത്തിക്കാനായത്. അതിന് ശേഷമാണ് ഗതാഗതം സാവധാനം സുഗമമായത്. ഈ കുരുക്ക് ഉച്ച വരെ നീളുകയായിരുന്നു.