പാലക്കുന്ന്: ട്രെയിൻ വരുന്നുണ്ടെന്ന സൂചന നൽകി ഗേറ്റ് അടക്കുന്നുണ്ടെങ്കിലും അത് വാഹനങ്ങൾക്ക് മാത്രമല്ലേ ബാധകം എന്ന പോലെയാണ് കാൽനടയാത്രക്കാരുടെ റെയിൽപാളം കടക്കാനുള്ള തിടുക്കം.
ഗേറ്റ് അടഞ്ഞിരിക്കുമ്പോൾ അപ്പുറം കടക്കാൻ വേണ്ടിയാണ് കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായ മേൽനടപ്പാത റെയിൽവേ ഒരുക്കിയിട്ടുള്ളത്. പ്ലാറ്റ്ഫോമിൽ കാലെടുത്തു വയ്ക്കാതെ തന്നെ ഇരു ഭാഗത്തെ റോഡുകളിലും എത്താവുന്ന രീതിയിലാണ് ഈ നടപ്പാതയുടെ നിർമാണം. പടികൾ കയറാനുള്ള ബുദ്ധിമുട്ടും ഏതാനും മിനിറ്റുകളുടെ സമയം ലാഭിക്കാമെന്ന തിടുക്കവും മൂലം പലരും ഈ പാത ഉപയോഗിക്കുവാൻ മടിക്കുകയാണ്. പ്ലാറ്റ്ഫോമിനെ രണ്ടായി മുറിച്ചു പോകുന്ന റോഡിലെ റെയിൽപ്പാളത്തിലൂടെ ഏത് നിമിഷവും തെക്കുനിന്നും വടക്കുനിന്നും ട്രെയിനുകൾ വന്നേക്കുമെന്നതിനേക്കാൾ പലരുടെയും ചിന്ത എത്രയും വേഗം അപ്പുറം കടക്കണമെന്നതാണ്. ട്രെയിൻ സ്റ്റേഷന്റെ ഒരറ്റത്ത് കണ്ടാൽ പോലും പാളം കടക്കുന്നവർ ഏറെയുണ്ടെന്നാണ് സ്റ്റേഷൻ മാസ്റ്റർ പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത വണ്ടികൾ 30 സെക്കന്റ് കൊണ്ട് സ്റ്റേഷൻ പാസ്സാകുമെങ്കിലും അത്ര സമയം പോലും ക്ഷമിക്കാൻ തയാറാകുന്നില്ല.
വൃദ്ധൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഒരു വൃദ്ധൻ രക്ഷപ്പെട്ടത് റെയിൽവേ ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ്. ഇരു ഭാഗത്തു നിന്നും അതിവേഗ ട്രെയിനുകൾ ഒരേ സമയം കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ കടക്കുന്ന നേരമാണ് വൃദ്ധന്റെ പാളം കടക്കാനുള്ള ശ്രമം ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. ഈ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത രണ്ടു വണ്ടികൾ ഒരേ സമയം തെക്കെട്ടേക്കും വടക്കോട്ടേക്കും ഓടുമ്പോൾ ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ മധ്യത്തിലെ മൂന്നാം നമ്പർ ട്രാക്കിൽ അകപ്പെട്ടയാളോട് അനങ്ങാതെ അവിടെ തന്നെ നിൽക്കാൻ ജീവനക്കാരൻ ജാഗ്രതാ നിർദ്ദേശം നൽ
കുകയായിരുന്നു.
അപകട സാധ്യത വകവയ്ക്കാതെ
കോട്ടിക്കുളത്ത് സ്റ്റോപ്പുള്ള ട്രെയിനുകളിൽ നിന്നിറങ്ങുന്ന യാത്രക്കാരിൽ റോഡിലേക്കെത്താൻ നടപ്പാലം ഉപയോഗിക്കുന്നവർ കുറവാണ്. ഇടം വലം നോക്കാതെ പാളം കടന്ന് എളുപ്പ വഴിയിലൂടെ അപ്പുറം എത്താനാണ് ശ്രമം. മറ്റേ ട്രാക്കിലൂടെ വണ്ടി വരുന്നുണ്ടോ എന്നത് പോലും ആർക്കും വിഷയമല്ലെന്ന പോലെയാണ് നടത്തം. മൊബൈലിൽ സംസാരിച്ച് വിദ്യാർത്ഥികളും ചെറുപ്രായക്കാരും പാളം കടക്കുന്നത് അശ്രദ്ധയോടും ഏറെ ലാഘവത്തോടെയുമാണെന്ന് റെയിൽവേ ജീവനക്കാരും നാട്ടുകാരും പറയുന്നു.