
കണ്ണൂർ: വേണ്ടത്ര ജീവനക്കാരില്ലാതെ ഹയർ സെക്കൻഡറി കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്. നൂറുകണക്കിന് ഫയലുകളാണ് ഇവിടെ തീർപ്പു കാത്തുകിടക്കുന്നത്. ആർ.ഡി.ഡി ഓഫീസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്നും ഓഫീസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നുമുള്ള അഭ്യർത്ഥനകൾ ഇതുവരെ പരിഗണിക്കപ്പെട്ടില്ല. പല സെക്ഷനുകളും ഒഴിഞ്ഞു കിടക്കുകയാണ്.
ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി സർവീസ് സംബന്ധമായ പല കാര്യങ്ങളും സെക്ഷനുകളിൽ സംസാരിക്കാൻ പോലും ചില ജീവനക്കാർ കൂട്ടാക്കാറില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അത്യാവശ്യ കാര്യങ്ങളുമായെത്തുന്ന സീനിയർ പ്രിൻസിപ്പൽമാരെപ്പോലും പരിഗണിക്കാറില്ലെന്ന പരാതി വേറെയും. കാസർകോട് നിന്നും കണ്ണൂരിലെ മലയോര മേഖലയിൽ നിന്നൊക്കെയായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും പയ്യാമ്പലത്തുള്ള ആർ.ഡി.ഡി ഓഫീസിൽ എത്തുന്നത്. എന്നാൽ, നിസാരകാര്യങ്ങൾക്ക് പോലും പരിഹാരം ലഭിക്കാതെ പ്രിൻസിപ്പൽമാരടക്കം മടങ്ങി പോകുന്നത് ഇവിടെ നിത്യസംഭവമാണ്. ജീവനക്കാരുടെ കുറവുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി അദ്ധ്യാപകർ പറഞ്ഞു.
പരിതാപകരം ഓഫീസ് കെട്ടിടം
ഈ ഓഫീസിന്റെ അവസ്ഥയും ഏറെ പരിതാപകരമാണ്.ഏറെ കാലപ്പഴക്കം സംഭവിച്ച കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞ് പൊഴിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ശക്തമായ മഴയിലും കാറ്റിലും പലപ്പോഴും ഇൗ കെട്ടിടം അപകടാവസ്ഥയിലാവുകയും പതിവാണ്. ഓഫീസിൽ ആവശ്യാനുസരണം കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും ഇല്ല.മതിയായ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും അഭാവം ജീവനക്കാരെ കുഴപ്പിക്കുകയാണ്.ഫയലകൾ നീങ്ങാൻ തന്നെ വലിയ കാലതാമസം നേരിടുകയാണ്.ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിട്ടും മതിതായ നടപടിയുണ്ടായിട്ടില്ല.
നഷ്ടം കണ്ണൂരിനും കാസർകോടിനും
കണ്ണൂർ, കാസർകോട് ജില്ലകളുടെ മേഖലാ ഓഫീസാണ് കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്.ഇവിടെ പതിനഞ്ചിൽ താഴെ മാത്രം ജീവനക്കാരാണുള്ളത്. കഴിഞ്ഞ ഒരു വർഷമായി മൂന്ന് ജീവനക്കാരുടെ കുറവുണ്ട്. ഇതോടെ അദ്ധ്യാപകരുടെ ഇൻക്രിമെന്റ്, പി.എഫ്, എൻ.ആർ.എ ലോണുകൾ, വിരമിച്ച അദ്ധ്യാപകരുടെ പെൻഷൻ ഫയലുകൾ, ഗസ്റ്റ് അദ്ധ്യാപകരുടെ വേതന ഫയലുകൾ തുടങ്ങിയവയെല്ലാം ഓഫീസിൽ കെട്ടികിടക്കുകയാണ്.