
താൽക്കാലിക ലാഭം മുന്നിൽ കാണാതെ കണ്ടലുകളെ സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ
പയ്യന്നൂർ: ഇന്ന് ലോക പുഴ ദിനം.'ശുദ്ധ ജലം ഉറപ്പാക്കുക' എന്നതാണ് ഈ വർഷത്തെ പുഴ ദിനത്തിന്റെ സന്ദേശം.ശുദ്ധജല ലഭ്യതക്കായി ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്ന കണ്ടൽച്ചെടികളും തണ്ണീർ തടങ്ങളും സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യനന്മക്കായി ഒന്നാമതായി ചെയ്യേണ്ട കർത്തവ്യമെന്ന് ഓർമ്മിപ്പിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ.
താൽക്കാലിക ലാഭത്തിനായി ഇതിനെതിരായ പ്രവർത്തനങ്ങളാണ് ദിനംപ്രതി നടന്നുവരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ചതുപ്പുകളും വയലുകളും മണ്ണിട്ട് നികത്തിയും, കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചും പുഴയിലേക്ക് മലിന ജലമൊഴുക്കിയും, മാലിന്യങ്ങൾ വലിച്ചെറിഞ്ഞും പുഴ കൈയേറിയും ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ അനുദിനം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ടു പോവുന്ന പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നിയമനടപടികളും പ്രതീക്ഷകളുടെ ഇത്തിരി വെട്ടം പകരുന്നുവെന്നത് മാത്രമാണ് പ്രതീക്ഷ നൽകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ഇവിടെ കൈപ്പാടും കണ്ടലും നശിപ്പിച്ച് ചതുപ്പ് നിലത്തിലൂടെ പുഴയോരത്തേക്ക് റോഡ് നിർമ്മിച്ച പ്രവൃത്തിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് സമരവും മറ്റും നടത്തിവരുന്നതിനിടയിലാണ് പരിസ്ഥിതി പ്രവർത്തകൻ പി.പി.രാജൻ ഹൈക്കോടതിയെ സമീപിച്ച് ചരിത്രവിധി സമ്പാദിച്ചതും. പരിസ്ഥിതി സംബന്ധിച്ച് കോടതി വിധികൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും , നികത്തിയ കൈപ്പാട് പൂർവ്വസ്ഥിതിയിലാക്കണമെന്നും നശിപ്പിക്കപ്പെട്ട കണ്ടൽച്ചെടികൾക്ക് പകരമായി ഒന്നിന് മൂന്ന് എന്ന തോതിൽ നട്ട് പിടിപ്പിക്കണമെന്നുമാണ് കോടതി ഉത്തരവ്.
കുഞ്ഞിമംഗലത്തേത് ആ ഇത്തിരിവെട്ടം
ഇങ്ങിനെയൊരു പൊൻതിരി വെട്ടമാണ് കുഞ്ഞിമംഗലത്ത് അടുത്തിടെ കണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിമംഗലം പുല്ലൻകോട് പുഴയോരത്ത് പൊരുന്നി വയലിലും കൈപ്പാടിലുമായി പത്ത് ഏക്കറോളം സ്ഥലത്ത് കണ്ടൽച്ചെടികൾ നശിപ്പിച്ച് കെട്ടിടാവശിഷ്ടങ്ങളും മറ്റും കൊണ്ടിട്ട് റോഡ് നിർമ്മിച്ച് സ്ഥലം നികത്തിയത് ഹൈക്കോടതി ഉത്തരവ് പ്രകാരം അധികൃതർ നീക്കികൊണ്ടിരിക്കുന്നുവെന്നത് ഏറെ പ്രത്യാശക്ക് നൽകുന്നതായി ഇവർ പറയുന്നു. കൈപ്പാട് നികത്തിയത് പൂർവ്വ സ്ഥിതിയിലാക്കണമെന്നും നശിപ്പിക്കപ്പെട്ട ഓരോ കണ്ടൽച്ചെടിക്കും പകരമായി മൂന്നെണ്ണം വീതം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നട്ട് പിടിപ്പിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ചരിത്രത്തിൽ ആദ്യമാണ്.
സ്വന്തം പണം ചിലവിട്ടും സംരക്ഷിക്കും
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽച്ചെടികളും കൈപ്പാടും പ്രദേശങ്ങളുള്ളത് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലാണ്. പരിസ്ഥിതി പ്രവർത്തകർ പണം കൊടുത്തുവാങ്ങി സംരക്ഷിക്കുന്ന 43 ഏക്കറോളം കണ്ടൽചെടികളും കൈപ്പാടുമുള്ള പ്രദേശവും ഇവിടെയാണുള്ളത്. സർക്കാർ ജണ്ടയിട്ട് അതിര് തിരിച്ച് റിസർവ്വ് ഫോറസ്റ്റായി സംരക്ഷിക്കുന്ന കണ്ടൽചെടി ചതുപ്പ് പ്രദേശവും ഇവിടെയാണ്.