
പാപ്പിനിശ്ശേരി: ദേശീയ പാത കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴയ്ക്ക് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ .തൂണുകളിൽ അധികവും ഇതിനകം പൂർത്തിയായി കഴിഞ്ഞു. മാറ്റം വരുത്തിയ അലൈൻമെന്റ് പ്രകാരം നാവിഗേഷൻ സൗകര്യത്തിനായി ഉയരം കൂട്ടി മധ്യഭാഗത്ത് ഭാഗത്ത് സ്ഥാപിക്കുന്ന തൂണുകളാണ് ബാക്കിയുള്ളത്. ഇവയുടെ നിർമ്മാണവും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് ദേശീയ പാത അധികൃതർ വിശദീകരിച്ചു.
കണ്ണൂർ ബൈപാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടം തുരുത്തി മേഖലയിലാണ് പ്രവൃത്തി വേഗത്തിലായത്.കണ്ടൽ വന മേഖല ഉൾപ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി വളപട്ടണം പുഴ വരെ വേളാപുരം ദേശീയ പാത മുതൽ തുരുത്തി വരെ റോഡ് ഒന്നര വർഷം മുൻപ് തന്നെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയിരുന്നു. പിന്നാലെ യന്ത്രസാമഗ്രികളും സ്ഥലത്തെത്തിച്ചു. തൊഴിലാളികൾക്ക് താമസിക്കാനുള്ള ഹട്ടുകളും നിർമ്മാണസാമഗ്രികളുടെ സംഭരണശാലയും തൊട്ടുപിന്നാലെ നിർമ്മിച്ചു. എന്നാൽ പാലത്തിന്റെ രൂപ രേഖ മാറ്റാൻ നിർദ്ദേശം വന്നതോടെ മാസങ്ങളോളം പ്രവൃത്തിയ സ്തംഭിക്കുകയായിരുന്നു.വളപട്ടണം പുഴ കേന്ദ്രീകരിച്ച് ഭാവിയിലെ വിനോദ സഞ്ചാരസാദ്ധ്യത കണക്കിലെടുത്ത് വലിയ ജലവാഹനങ്ങൾ കടന്നുപോകുന്നതിനായി പാലത്തിന്റെ മധ്യഭാഗം ഉയർത്തിയാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്.
മധ്യഭാഗത്തെ ഒരു സ്പാനുകളുടെ നീളം 50 മീറ്ററായി നീട്ടിയും ഏറ്റവും ഉയർന്ന വെള്ളപൊക്ക ഭീഷണി ഒഴിവാക്കാൻ ആറ് മീറ്റർ കൂടി മീറ്റർ കൂടി ഉയർത്തിയുമാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയത്. മറ്റ് സ്പാനുകളും യോജിച്ച രീതിയിൽ ഉയരം കൂട്ടും.19 സ്പാനുകളാണ് പാലത്തിന് വേണ്ടത്.തുരുത്തി ഭാഗത്തെ സ്പാനുകൾ ഇതിനകം ഉയർത്തി കഴിഞ്ഞു. മറുഭാഗമായ കോട്ടക്കുന്നിൽ തൂണുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും സ്പാനുകൾ ഉയർത്തിയിട്ടില്ല.
ചിലവ് 190 കോടി
ആദ്യ ഡി.പി.ആർ. പ്രകാരം തുരുത്തി പാലത്തിന് 130 കോടിയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ നാവിഗേഷന്റെ ഭാഗമായി രൂപരേഖയും മറ്റു മാറ്റങ്ങളും വന്നതോടെ പുതിയ പാലത്തിന് 190 കോടിയോളം വേണ്ടിവരും.
ദേശീയപാതയിലെ വലിയ പാലങ്ങളിലൊന്ന്
ദേശീയ പാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്ന വലിയ പാലങ്ങളിലൊന്നാണ് പുതിയ വളപട്ടണം പാലം. പുഴയുടെ ഭാഗത്ത് മാത്രം 740 മീറ്ററാണ് ദൈർഘ്യം. ഇരുഭാഗത്തെ അപ്രോച്ച് റോഡടക്കം ഒരു കിലോമീറ്ററിൽ അധികം പാലത്തിന് ആകെ. നീളം വരും.രൂപരേഖയിൽ മാറ്റം വരുത്തിയതിന് പിന്നാലെ കഴിഞ്ഞ അഞ്ച് മാസമായി പ്രവൃത്തിയ്ക്ക് വേഗം കൂടിയിട്ടുണ്ട്.