കണ്ണൂർ: ശ്രീനാരായണ ഗുരു മഹാസമാധി ദിനം ജില്ലയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും ആചരിച്ചു. വിവിധ ചടങ്ങുകളും പൂജകളും നടന്നു. വീടും പരിസരവും ശുചിയാക്കിയും സമാധി സമയമായ വൈകിട്ട് 3.30-ന് ദീപം കൊളുത്തിയും സമാധി ദിനം ആചരിച്ചു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ അഖണ്ഡ നാമജപം നടന്നു. വൈകീട്ട് 3.30ന് ഗുരുദേവ പ്രതിമയിൽ പ്രത്യേക പൂജയും സമാധി ഗീതവും തുടർന്ന് വൈകീട്ട് ഏഴിന് സമൂഹ പ്രാർത്ഥനയും നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാവിലെ ക്ഷേത്രത്തിലെത്തി പ്രാർത്ഥനയിൽ പങ്കുകൊണ്ടു.
മഹാകവി കുമാരനാശാൻ മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ആഭിമുഖ്യത്തിൽ തളാപ്പ് ദിവ്യശ്രീ ചൈതന്യസ്വാമി ഹാളിൽ നടന്ന വാർഷിക ദിനാഘോഷം പ്രൊഫ. ഡോ.എ.സത്യനാരായണൻ ഉദ്ഘാടനം ചെയ്‌തു. എസ്. എൻ.ഡി.പി യോഗം ഹാളിൽ യൂനിയൻ പ്രസിഡന്റ് എം.സദാനന്ദൻ പതാക ഉയർത്തി. ഗോപാലകൃഷ്ണൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജയും, പായസ വിതരണവും നടന്നു. എം.സദാനന്ദൻ, ശ്രീധരൻകാരാട്ട്, പി.പി.ജയകുമാർ, സി.പി.മനോജ്, താടി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.