cuk
സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പുഞ്ചാവി കടല്‍ത്തീരത്ത് നടന്ന ശുചീകരണത്തിൽ പങ്കെടുത്തവർ

നീക്കം ചെയ്തത് 7 ക്വിന്റൽ മാലിന്യം

പുഞ്ചാവി (കാസർകോട്): സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പുഞ്ചാവി കടൽത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സർവകലാശാല വിദ്യാർത്ഥികൾ. ഇവർക്കൊപ്പം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും കൈകോർത്തപ്പോൾ നീക്കം ചെയ്യപ്പെട്ടത് ഏഴ് ക്വിന്റൽ മാലിന്യം.

കേന്ദ്ര സർവകലാശാലയിലെ എൻ.എസ്.എസ് വിഭാഗം, കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് എക്കോളജി, ശബരി ക്ലബ്ബ്, നീലേശ്വരം തീരദേശ പൊലീസ് സ്റ്റേഷൻ, സാഗർ മിത്ര വൊളണ്ടിയേഴ്സ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവർ ഒരുമിച്ചിറങ്ങിയപ്പോൾ കടൽത്തീരം ക്ലീനായി.

രാവിലെ ഏഴരയോടെ ആരംഭിച്ച ശുചീകരണം ഉച്ചവരെ നീണ്ടു. ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ മണിക്കൂറുകളോളമെടുത്താണ് ശേഖരിച്ച് തരംതിരിച്ചത്. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി മഹയൂബ ഇക്കോ സൊലൂഷൻസിന് കൈമാറി.

രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ പ്രതീക് ജെയിൻ മുഖ്യാതിഥിയായി. സയന്റിസ്റ്റ് സി.ആർ. ആശ ദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര സർവകലാശാല സ്വഛ്താ ഹി സേവ നോഡൽ ഓഫീസർ പ്രൊഫ. മനു, ടെക്നിക്കൽ ഓഫിസർ ഡോ. വി. സുധീഷ്, സയന്റിസ്റ്റ് ഡോ. ബി.ആർ. സ്മിത, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ. രതീഷ്, ശബരി ക്ലബ് സെക്രട്ടറി ബാബു, എൻ.എസ്.എസ് വളണ്ടിയർ വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു. രമേശൻ നടുവിലിന്റെ നേതൃത്വത്തിൽ കടൽത്തീരത്ത് ശിൽപവും ഒരുക്കി.