കണ്ണൂർ: 'നിയാസ് മാഷ്, കെ.എ.കെ.എൻ.എസ്.എ.യു.പി സ്‌കൂൾ, കുറ്റ്യാട്ടൂർ, കണ്ണൂർ"
ഈ കത്തിനു പിന്നിൽ ഒരു കഥയുണ്ട്. പ്യൂണായിരുന്ന നിയാസ് അതേ സ്‌കൂളിൽ മാഷായി. അപ്പോൾ ഒരു വ്യത്യാസമേ വന്നുള്ളൂ. നിയാസേട്ടാ എന്ന വിളി നിയാസ് മാഷേ എന്നായി.
കുട്ടികളുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ മാഷിന് അന്നുമിന്നും ഒരേ സ്ഥാനം. ഗവേഷണവുമായി ബന്ധപ്പെട്ട് മാഷ് അടുത്തിടെ അവധിയെടുത്തു. ഒരു മാസമായി കാണാതായപ്പോഴാണ് മാഷിന് അഞ്ചാം ക്ളാസിലെ ആർദ്രിക ബൈജു കത്തെഴുതിയത്. സ്‌കൂളിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച് കുട്ടികളെ കത്തെഴുതാൻ പഠിപ്പിച്ചതും നിയാസ് തന്നെ.
''മാഷ് എന്തിനാണ് ലീവെടുത്തത്? നമ്മളെ പഠിപ്പിച്ചു മടുത്തോ..? മാഷ് വേഗം വരണേ.. '' ഔദ്യോഗിക ആവശ്യത്തിന് സ്‌കൂളിലെത്തിയ നിയാസ് മാഷിന് തപാൽപെട്ടിയിൽ നിന്ന് അപ്രതീക്ഷിതമായി ആ കത്ത് ലഭിച്ചു. വായിച്ചപ്പോൾ കണ്ണ് നനഞ്ഞു. ''ഞാൻ ഈ കത്ത് ഹൃദയത്തിൽ സൂക്ഷിക്കുന്നു."" നിയാസ് പറഞ്ഞു. പിതാവ് മരിച്ചപ്പോൾ ലഭിച്ചതാണ് പ്യൂൺ ജോലി. പിന്നീട് ബി.എഡ് പൂർത്തിയാക്കി അതേ സ്‌കൂളിൽ അദ്ധ്യാപകനായി. കൊല്ലം നിലമേൽ ബംഗ്ലാംകുന്നിൽ എം.ആർ. നിവാസിൽ എം.ആർ. നിയാസ് ഇപ്പോൾ കണ്ണൂർ മയ്യിലിലാണ് താമസം.
പോസ്റ്റ് ഓഫീസ് മുതൽ കോടതിവരെ
ഇവിടെ പോസ്റ്റ് മാസ്റ്ററും പോസ്റ്റ്മാനും കുട്ടികൾ തന്നെ. മാസം 10 രൂപ ശമ്പളവും നൽകും. പ്രത്യേക യൂണിഫോമും ഉണ്ട്. സ്കൂളിനകത്തെ കത്തുകളായിരുന്നു ആദ്യം പരിഗണിച്ചത്. പ്രവർത്തനം ഇഷ്ടമായ പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ ഒരു തപാൽ ബോക്സ് സമ്മാനിച്ചു. ഇതോടെ പുറത്തേക്കും കത്തയയ്ക്കാൻ സൗകര്യമായി. കുട്ടികൾ കൈകാര്യംചെയ്യുന്ന കോടതിയും ബാങ്കും കടയുമെല്ലാമുണ്ട് സ്‌കൂളിൽ. വീട്ടിൽ കൃഷിചെയ്തുണ്ടാക്കുന്നവ വിൽക്കാം. വാങ്ങാം. പണം കുട്ടിച്ചെക്ക് ഉപയോഗിച്ച് ബാങ്കിൽ നിക്ഷേപിക്കാം. വായ്പയും ലഭിക്കും. കളിപ്പാട്ടങ്ങൾ, കൗതുക വസ്തുക്കൾ, കടലാസുപേന, ഫാൻസി ആഭരണങ്ങൾ എന്നിവയും വിൽക്കുകയും വാങ്ങുകയും ചെയ്യാം. ഉച്ചഭക്ഷണം പാഴാക്കിയാലോ, ബാത്റൂമിൽ വെള്ളമില്ലെങ്കിലോ കോടതിയെ സമീപിക്കാം. സ്റ്റാഫ് ഫണ്ടിൽനിന്നാണ് സാമ്പത്തിക പിന്തുണ.