kurukku
മേലേചൊവ്വയിൽ അനുഭവപ്പെട്ടുവരുന്ന ഗതാഗതക്കുരുക്ക്

കണ്ണൂർ: മേലേചൊവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഫ്ലൈഓവർ യാഥാർത്ഥ്യമാകുന്നു. ഒക്ടോബർ രണ്ടിനാണ് നിർമ്മാണോദ്ഘാടനം. ഇതിനുള്ള സംഘാടകസമിതി കഴിഞ്ഞദിവസം രൂപീകരിച്ചു. കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വയിലെ ഫ്ലൈഓവർ.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണചുമതല. ടെൻഡറിന് ശേഷമുള്ള സാങ്കേതിക തടസ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി ഉടൻ നിർമ്മാണം തുടങ്ങാനാണ് റോഡ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) ലക്ഷ്യമിടുന്നത്. രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.

ഗതാഗതക്കുരുക്കഴിക്കാൻ 2016ൽ അണ്ടർപാസേജിനുള്ള പദ്ധതിയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്പ്‌മെന്റ് കോർപറേഷൻ തയ്യാറാക്കിയത്. 2018ൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങി, 2021ൽ പൂർത്തിയായി. ഇതിനു ശേഷമാണ് അണ്ടർപാസേജ് കുടിവെള്ള പെപ്പുകൾ തകർക്കുമെന്ന പ്രശ്നം ഉയർന്നുവന്നത്. ഇവിടെ ഭൂമിക്കടിയിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ മാറ്റണമെങ്കിൽ അഞ്ചുകോടിയോളം രൂപ ചെലവുവരുമെന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ കണക്ക്. മാത്രമല്ല പ്രവൃത്തിക്കിടെ കണ്ണൂർ നഗരത്തിലെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥയുമുണ്ടായി. ഇതോടെയാണ് 2023ൽ ബദലായി ഫ്ലൈഓവറാകാമെന്ന് തീരുമാനിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. പദ്ധതിക്ക് കിഫ്ബി അംഗീകാരം കിട്ടുകയും ചെയ്തു.

2024ൽ റീ ടെൻഡറിനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് റീ ടെൻഡർ വിളിച്ചുവെങ്കിലും ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. തുടർന്ന് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുടുങ്ങി മുൻപോട്ടു പോയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ടെൻഡർ വിളിച്ചപ്പോൾ മൂന്ന് കമ്പനികൾ പങ്കെടുത്തു.

24.54 കോടി രൂപ ചിലവ്

424.60 മീറ്റർ നീളവും 9 മീറ്റർ വീതിയുമുള്ള ഫ്ലൈഓവർ 24.54 കോടി രൂപ ചിലവിലാണ് നിർമ്മിക്കുക. ഇതിൽ ഏഴു മീറ്ററാണ് ഗതാഗതത്തിന് ഉപയോഗിക്കുക. രണ്ടു സർവീസ് റോഡുകൾ ഉൾപ്പെടെ ആകെ 24 മീറ്ററാകും വീതി. ആറു പിയറുകളിൽ നടുവിലത്തെ പിയർ 35 മീറ്ററുണ്ടാകും. സർവീസ് റോഡിന് 600 മീറ്റർ നീളവും ഓവുചാൽ ഉൾപ്പെടെ ഏഴു മീറ്റർ വീതിയുമുണ്ടാകും.