നീലേശ്വരം: ഹൈവേ ജംഗ്ഷനിൽ നിന്ന് നീലേശ്വരം ബസ് സ്റ്റാൻഡിലേക്ക് മൂന്ന് മിനുട്ട് കൊണ്ട് വാഹനങ്ങൾ എത്തേണ്ട സമയത്ത് ഇപ്പോൾ എടുക്കുന്ന സമയം 15 മിനുട്ടാണ്. ഹൈവേ മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള രാജാ റോഡിലെ ഗതാഗത കുരുക്കാണ് ഇങ്ങനെ യാത്രക്കാരെ വീർപ്പുമുട്ടിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക ദീർഘദൂര ബസുകളും നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നത്. ദീർഘദൂര യാത്രക്ക് ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ ഇതോടെ പെരുവഴിയിലാകുന്നു.
രാജാ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിംഗാണ് മറ്റൊരു പൊല്ലാപ്പ്. ഇത് മൂലം റോഡിലിറങ്ങി കാൽനട യാത്രക്കാർ നടന്നു പോകേണ്ട അവസ്ഥയാണ്. മാത്രമല്ല ചില വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വലിയ ലോറികൾ ചരക്കു ഇറക്കുന്നതും കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നഗരസഭ പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരം നടപ്പിലാക്കിയിട്ടും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല.
ബസുകൾ മെയിൻ ബസാറിൽ നിന്ന് തിരിച്ച് തളിയിൽ റോഡ് വഴിയാണ് ബസ് സ്റ്റാൻഡിലേക്ക് എത്തുന്നത്. ഇവിടെ കെ.സി.കെ ക്ലീനിക്കിന് മുമ്പിലാണ് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. തളിയിൽ റോഡ് വഴി വരുന്ന ബസ് സ്റ്റാൻഡിലേക്ക് തിരിക്കുന്ന ജംഗ്ഷനിൽ എത്തിയാൽ രാജാ റോഡിൽ നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകുന്ന വാഹനങ്ങൾ കടന്നു വരുമ്പോൾ ഗതാഗത സ്തംഭനം പൂർണമാകും. മാത്രമല്ല ബസുകൾ ബസ് സ്റ്റാൻഡ് യാർഡിൽ കയറാതെ യാത്രക്കാരെ റോഡരികിൽ ഇറക്കി വിടുന്നത് അപകടത്തിനും ഗതാഗതകുരുക്കിനും കാരണമാകുന്നു.
അഴിക്കും തോറും മുറുകും
കൃഷിഭവൻ മുതൽ ടെലിഫോൺ എക്സ്‌ചേഞ്ച് വരെയുള്ള റോഡരികിൽ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നതും മറ്റൊരു ദുരിത കാഴ്ചയാണ്. ഗതാഗത നിയന്ത്രണത്തിനായി ബസ് സ്റ്റാൻഡിന് സമീപം ഹോം ഗാർഡുമാർ ഡ്യൂട്ടി ചെയ്യുന്നുണ്ടെങ്കിലും ഇവരും ഗതാഗതക്കുരുക്കഴിക്കാൻ പാടുപെടുകയാണ്. ഒരു ഭാഗത്ത് കുരുക്കഴിക്കുമ്പോഴേക്കും മറ്റൊരു ഭാഗത്ത് വാഹന കുരുക്ക് മുറുകും. രാജാ റോഡ് വികസനവും തളിയിൽ റോഡ് മെക്കാഡം ടാറിംഗും എത്രയും വേഗത്തിൽ നടന്നാൽ മാത്രമേ ഗതാഗത സ്തംഭനത്തിൽ നിന്ന് നീലേശ്വരം നഗരത്തിന് മോചനം ലഭിക്കുകയുള്ളു.