1

അങ്കോള: പൊലീസും ജില്ലാ ഭരണകൂടവും നിസഹകരണം തുടരുന്നതിനാൽ അർജുനെയും ലോറിയേയും കണ്ടെത്താൻ ഷിരൂരിലെ ഗംഗാവലി പുഴയിൽ നടത്തുന്ന തെരച്ചിൽ മതിയാക്കി മടങ്ങുകയാണെന്ന് മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ. ഡ്രഡ്ജർ കമ്പനിയും നിസഹകരണം തുടരുകയാണ്. കോഴിക്കോട്ടെ വീട്ടിൽപോയി അർജുന്റെ അമ്മയെ കണ്ടപ്പോൾ എന്തായാലും കണ്ടെത്തി തരുമെന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എന്നാൽ, അധികാരികളുടെ നിലപാടുമൂലം അത് പാലിക്കാൻ കഴിയാതെ വന്നതിൽ വിഷമമുണ്ട്. അർജുന്റെ അമ്മയോട് മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു.

നാവികസേന മാർക്ക് ചെയ്ത 4-ാം പോയിന്റിൽ ഇന്നലെ പരിശോധന നടത്താൻ മാൽപെയ്ക്ക് അനുവാദം നൽകിയില്ല. ഇന്നലെ ഉച്ചയോടെയാണ് മടങ്ങുകയാണെന്ന് മാൽപെ വ്യക്തമാക്കിയത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂ. ഇന്നലെ ഒരു സ്‌കൂട്ടർ നദിയിൽനിന്ന് കണ്ടെത്തിയിരുന്നു. അത് പുറത്തെടുത്തു. അതിനൊപ്പം അർജുന്റെ ലോറിയിൽ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാൽപെ പറഞ്ഞു. ഉഡുപ്പി സ്വദേശിയായ മാൽപെ ദൗത്യത്തിൽ സ്വമേധയാ പങ്കാളിയായതാണ്.

അസ്ഥി കണ്ടെത്തി

ഗംഗാവലി പുഴയോരത്ത് ഇന്നലെ അസ്ഥി കണ്ടെത്തി. മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു. മനുഷ്യന്റേതാണെന്നാണ് അനുമാനം. ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

അതേസമയം, ഗംഗാവലി പുഴയിൽ നിന്ന് ഈശ്വർ മാൽപെ മുങ്ങിയെടുത്തത് മുഴുവൻ ടാങ്കർ ലോറിയുടെ യന്ത്രഭാഗങ്ങൾ ആണെന്ന് സ്ഥിരീകരണം. അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന മരത്തടികൾ വീണ്ടും ലഭിച്ചത് പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ട്. പുഴയിൽ കണ്ടെത്തിയ ഹൈഡ്രോളിക് ജാക്കി, കാരിയർ, ടയറുകൾ, റേഡിയേറ്റർ കൂളർ ഫാൻ, കാബിനും സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ഒഴുകിപ്പോയ ടാങ്കർ ലോറിയുടെ ഭാഗങ്ങളാണ്. അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ഷിരൂരിലെത്തിയിട്ടുണ്ട്.

ജീവന് ഭീഷണിയാകരുതെന്ന് സഹോദരി

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഡ്രെെവർ അ‌ർജുന് വേണ്ടിയുള്ള തെരച്ചിലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പാടില്ലെന്നും ആരുടെയും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചിൽ വേണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു. ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. ഏട്ട് ദിവസംകൂടി ഡ്രഡ്ജിംഗ് തുടരാമെന്ന ജില്ലാ ഭരണകൂടത്തിന്റെയും എം.എൽ.എയുടെയും ഉറപ്പിന് നന്ദിയുണ്ട്. ഒരു കാരണവശാലും ഡ്രഡ്ജിംഗ് നിർത്തരുത്. നാവികസേന മാർക്ക് ചെയ്ത് നൽകിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ തെരച്ചിൽ വേണം. കൃത്യമായ ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും വിശ്വാസത്തിലെടുത്ത് തെരച്ചിൽ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഡ്രഡ്ജർ വേണ്ടവിധം ഉപയോഗിക്കാനുള്ള സമയം പാഴാക്കരുത്. പലതും മുങ്ങിയെടുത്ത് സമയം കളയരുത്. അർജുന്റെ ട്രക്കിന്റെ അടുത്തേക്ക് എത്രയും പെട്ടെന്ന് എത്തണം. കാണാതായ മറ്റ് രണ്ടുപേർക്ക് കൂടി വേണ്ടി കാര്യക്ഷമമായ തെരച്ചിൽ വേണമെന്നും അഞ്ജു ആവശ്യപ്പെട്ടു.