കണ്ണൂർ: ബി.ജെ.പിയിൽ ചേർന്ന റിട്ട. ഡിവൈ.എസ്.പി പി.സുകുമാരനെതിരെ എം.വി ജയരാജൻ. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈ.എസ്.പി സുകുമാരൻ ഒടുവിൽ ഏറ്റവും യോജിച്ച പാർട്ടിയിൽ തന്നെയാണ് എത്തിപ്പെട്ടതെന്ന് എം.വി ജയരാജൻ പരിഹസിച്ചു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബി.ജെ.പിയിൽ ചേർന്ന സുകുമാരൻ. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസിൽ കുടുക്കാനും തന്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥൻ കൂടിയാണിയാൾ. സർവീസിലിരിക്കുന്ന കാലത്ത് കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തവിധേയനായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
നിരപരാധികളെ മൂന്നാംമുറക്കിരയാക്കിയാണ് ഷുക്കൂർ കേസിൽ പി.ജയരാജൻ, ടി.വി രാജേഷ് ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽ കുടുക്കിയത്. തലശേരി ഫസൽ കേസ് വഴിതിരിച്ചുവിട്ടതും ഇതേ ഉദ്യോഗസ്ഥനാണ്. സർവീസ് കാലയളവിൽ വലിയ തോതിൽ ആക്ഷേപത്തിനിരയായ ഉദ്യോഗസ്ഥനാണ് ബി.ജെ.പി ഇപ്പോൾ രാഷ്ട്രീയ അഭയം നൽകിയതെന്ന് എം.വി ജയരാജൻ വിമർശിച്ചു.