കണ്ണൂർ: നാശോന്മുഖമായ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം നവീകരണത്തിന് ഒന്നരക്കോടി അനുവദിച്ച് കായിക വകുപ്പ് . സ്റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് നടപടി.സ്റ്റേഡിയം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ മന്ത്രി എ.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ നിവേദനം നൽകിയിരുന്നു. ജില്ലാതല അദാലത്ത് സംഘടിപ്പതും ഇതെ സ്റ്റേഡിയത്തിലായിരുന്നു.
കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ ഗെയിംസിൽ നിരവധി മത്സരങ്ങൾ ഇവിടെ നടന്നിരുന്നു.ഇതിന് പിന്നാലെ 35-ാമത് ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, അന്താരാഷ്ട്ര കരാട്ടെ മത്സരം എന്നിവയും നടന്നു. കൊവിഡിനെ തുടർന്ന് അന്നത്തെ കളക്ടർ ടി.വി.സുഭാഷ് കൊവിഡ് കെയർ ഹോമാക്കി മാറ്റാൻ പ്രത്യേക ഉത്തരവിലുടെ സ്റ്റേഡിയം ഏറ്റെടുത്തു.ഇതെ തുടർന്ന് മാസങ്ങളോളം കൊവിഡ് ട്രീറ്റ്മെന്റ് സെന്ററായി സ്റ്റേഡിയം പ്രവർത്തിച്ചു. ഇതിന് ശേഷം സ്പോർട്സ് കൗൺസിലിന് കൈമാറിയെങ്കിലും സ്റ്റേഡിയത്തിന്റെ നവീകരണം നടന്നിരുന്നില്ല. ഇതോടെ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് നാശത്തിന്റെ വക്കിലേക്കെത്തുകയായിരുന്നു.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും സർക്കാർ ഏറ്റെടുത്ത 6.55 ഹെക്ടർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്.2015 ജനുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.ദേശീയ ഗെയിംസ് മേധാവികളുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. റായ് കൺസ്ട്രക്ഷനായിരുന്നു കരാർ ചുമതല.ഷട്ടിൽ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഗുസ്തി, ബാസ്ക്കറ്റ് ബോൾ, പഞ്ചഗുസ്തി, ടെന്നിസ്, ബോക്സിംഗ്, കരാട്ടെ, കുഗ്ഫു എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങൾ ഇവിടെ നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.
കെട്ടിടം തകർന്ന നിലയിൽ
നിലവിൽ മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടവും നിലത്തു പാകിയ മരത്തിന്റെ തകർന്നുകിടക്കുന്ന ഫ്ലോർ പാനലിംഗും കാടുമൂടി കിടക്കുന്ന പരിസരവുമാണ് ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിനുള്ളത്.വൻ തുക മുടക്കി നിർമ്മിച്ച സ്റ്റേഡിയത്തിലെ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഉപയോഗശൂന്യമായി. സ്റ്റേഡിയത്തിലേക്കുള്ള പല വഴികളും കാടുകയറി സഞ്ചാര യോഗ്യമല്ലാതായി. സ്റ്റേഡിയത്തിന് പുറത്തെ ടെന്നീസ് കോർട്ടും വോളിബോൾ കോർട്ടും നാശത്തിന്റെ വക്കിലാണ്. നിലവിൽ സ്റ്റേഡിയം സ്വകാര്യ വ്യക്തികൾക്കുൾപ്പെടെ വിവാഹം പോലുള്ള ചടങ്ങുകൾക്കായി വിട്ടുനൽകുകയാണ്. സ്റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളിൽ നിന്നും പ്രദേശവാസികളിൽ നിന്നുമടക്കം പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയം നവീകരിക്കാൻ കായിക വകുപ്പ് തുക അനുവദിച്ചത്.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം
ചിലവ് -33 കോടി
വിസ്തൃതി 2,600 ചതുരശ്ര അടി
ശേഷി 5000