
മൂന്നരലക്ഷത്തിലേറെ മുതൽ മുടക്കിയ സംരംഭകന് രണ്ടുവർഷത്തോടടുത്തിട്ടും പ്രവർത്തനാനുമതി വാങ്ങി നൽകിയില്ല
കാഞ്ഞങ്ങാട്: നഗരവികസനത്തിന് വേഗത കൂട്ടുമായിരുന്ന ടൗൺഹാളിന് സമീപത്തെ ഹെറിറ്റേജ് സ്‌ക്വയർ ലേലം വിളിച്ച് സംരംഭകനിൽ നിന്ന് മൂന്നരലക്ഷത്തിലേറെ രൂപ കൈപ്പറ്റിയ ഡി.ടി.പി.സിക്ക് രണ്ടുവർഷം പിന്നിട്ടിട്ടും കാഞ്ഞങ്ങാട് നഗരസഭയിൽ നിന്ന് പ്രവർത്താനുമതി വാങ്ങിച്ചുനൽകാനായില്ല. പ്രതിമാസം 60000 രൂപ നിരക്കിൽ ആറുമാസത്തെ തുക മുൻകൂറായി ഈടാക്കിയ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രവർത്താനുമതി തേടി നഗരസഭയ്ക്ക് നൽകിയ അപേക്ഷ ഇനിയും തീരുമാനം കാത്തുകിടക്കുകയാണ്.
2023 നവംബർ 25നാണ് ഡി.ടി.പി.സി കാഞ്ഞങ്ങാട് നഗരസഭക്ക് പ്രവർത്തനാനുമതിക്കായി അപേക്ഷ നൽകിയത്. ഹെറിറ്റേജ് സ്ക്വയർ സംബന്ധമായ എല്ലാ രേഖകളും നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് ഡി.ടി.പി.സി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഈ ഫയൽ തന്റെ മേശയിൽ എത്തിയിട്ടില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയും പറയുന്നു. കരാർ ഏറ്റെടുത്ത കായികാദ്ധ്യാകനും മുൻ ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ചെറുവത്തൂർ മയ്യിച്ചയിലെ എം.അച്യുതന് വലിയ നഷ്ടമാണ് നഗരസഭയും ഡി.ടി.പി.സിയും ചേർന്ന് വരുത്തിയിട്ടുള്ളത്. അനുമതി പത്രത്തിനായി നഗരസഭയുടേയും ഡി.ടി.പി.സിയുടേയും ഓഫീസുകൾ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഇദ്ദേഹം. ജോലിയിൽ നിന്ന് പിരിയുമ്പോൾ ലഭിച്ച തുകയാണ് ഇദ്ദേഹം ഹെറിറ്റേജ് സ്ക്വയർ നടത്തിപ്പിനായി നൽകിയത്. മൂന്നുവർഷത്തെ കരാറിൽ രണ്ടുവർഷം കഴിഞ്ഞിട്ടും പ്രവർത്തനാനുമതി ലഭിക്കാതെ വലിയ പ്രതിസന്ധിയാണ് ഇദ്ദേഹം നേരിടുന്നത്. നഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തോടും ചെയർപേഴ്സണോടും ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടും അനുമതി സംബന്ധിച്ച് യാതൊരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.
അയച്ച കത്തിന് മറുപടി നൽകിയില്ലെന്ന് നഗരസഭ
പ്രവർത്താനുമതിക്കായി നൽകിയ അപേക്ഷയിൽ ചില കാര്യങ്ങളിൽ വിശദീകരണം തേടി അയച്ച കത്തിന് ഡി.ടി.പി.സി മറുപടി നൽകിയില്ലെന്നാണ് നഗരസഭ എൻജിനീയറിംഗ് വിഭാഗം പറയുന്നത്. ആറുമാസം മുമ്പ് വീണ്ടും സമർപ്പിച്ച അപേക്ഷയിൽ ഏപ്രിൽ നാലിന് രേഖാമൂലം നൽകിയ കത്തിന് ഡി.ടി.പി.സി മറുപടിയും നൽകിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നടന്നുനടന്ന് ചെരിപ്പ് തേഞ്ഞു;
ഇനിയൊരാൾ ഈ വഴിക്ക് വരില്ല
ടൂറിസം വകുപ്പ് മുഖാന്തിരം സർക്കാർ 54 ലക്ഷം ചിലവിട്ടാണ് കാഞ്ഞങ്ങാട് ടൗൺ ഹാൾ പരിസരത്ത് ഹെറിറ്റേജ് സ്ക്വയർ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാക്കി രണ്ടുവർഷം പിന്നിട്ടിട്ടും ഇതിന് പ്രവർത്താനുമതി നൽകാൻ കാഞ്ഞങ്ങാട് നഗരസഭ തയ്യാറായിട്ടില്ല. നടത്തിപ്പ് കരാറിലൂടെ മൂന്നരലക്ഷം വാങ്ങിയ ഡി.ടി.പി.സി അനുമതി നേടിയെടുക്കാൻ കാര്യമായൊന്നും ചെയ്തിട്ടുമില്ല. സർക്കാരിന്റെ രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മത്സരബുദ്ധി മൂലം കരാർ ഏറ്റെടുത്ത സംരംഭകൻ നട്ടം തിരിയുന്ന സ്ഥിതിയും. തന്റെ അനുഭവം അറിഞ്ഞ ഒരാളും ഇനി ഹെറിറ്റേജ് സെന്റർ നടത്തിപ്പിന് മുന്നോട്ടുവരികയില്ലെന്ന് ഉറപ്പാണെന്ന് കരാർ ഏറ്റെടുത്ത എം.അച്യുതൻ പറയുന്നു. അങ്ങനെ വന്നാൽ സർക്കാർ ഖജനാവിൽ നിന്ന് ചിലവിട്ട അരക്കോടിയിലേറെ തുക വെള്ളത്തിലാകുമെന്ന് ഉറപ്പാണ്.