
കോട്ടയം: ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഐ ഫോണും പണവും മോഷ്ടിച്ച പ്രതി ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ. കണ്ണൂർ പടിഞ്ഞാറേമുറിയിൽ മുകേഷ് (29)നെയാണ് റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ പുലർച്ചെ ആറോടെ പൂനെ- കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഐ ഫോണും, 3500 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. ഫോൺ നഷ്ടമായത് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശിനിയായ യാത്രക്കാരി പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മുകേഷ് ഈ മൊബൈൽ ഫോൺ കോട്ടയം നഗരമദ്ധ്യത്തിലെ മൊബൈൽ ഷോപ്പിൽ വിൽക്കാൻ ശ്രമിച്ചത്. വിവരം ലഭിച്ച റെയിൽവേ എസ്.എച്ച്.ഒയും സംഘവും സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.