
കണ്ണൂർ: പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ദമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ജില്ലയിൽ സി.പി.എം നേതൃത്വം ജാഗ്രതയിൽ. ഇപ്പോൾ നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തന്നെ വിഭാഗീയതയുടെ അലയൊലി പ്രകടമായ സാഹചര്യത്തിലാണ് ഉയർന്ന ഘടകങ്ങളിലേക്ക് ഇത് നീളാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ലോക്കൽ സമ്മേളനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും. പി.വി.അൻവർ എം.എൽ.എ തുറന്നുവിട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി രംഗത്തെത്തിയിട്ടു പോലും പ്രതിനിധികൾ ഈ വിഷയങ്ങളെ സമ്മേളനങ്ങളിൽ ഉയർത്തുന്നുണ്ട്. ലോക്കൽതലങ്ങളിൽ ഇത്തരം വിമർശനങ്ങൾ പരമാവധി ഒഴിവാക്കാനാകും ജില്ലാ നേതൃത്വത്തിന്റെ ശ്രമം.ലോകസഭാ തിരഞ്ഞെടുപ്പ് തോൽവി, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയേക്കാൾ പ്രധാന്യം സമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനമുയരുന്നത് പുതിയ പ്രവണതയാണ്. മുഖ്യമന്ത്രിയുടെ തട്ടകമായ ജീല്ലയിൽ ഇത്തരം വിമർശനം നുള്ളാനായിരിക്കും നേതൃത്വത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പെരുമാറ്റവും ധാർഷ്ട്യവും പാർട്ടിക്ക് ദോഷകരമാകുന്നുവെന്ന വിമർശനവും ബ്രാഞ്ചുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി. ജയരാജനെതിരെയുള്ള വികാരവും കണ്ണൂരിലെ കീഴ്ഘടകങ്ങളിൽ ശക്തമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവർക്കെതിരേയും സമ്മേളനങ്ങളിൽ വിമർശനമുയരുന്നുണ്ട്. പി.ശശിയെ പൊളിറ്റിക്കൽ സെക്ര ട്ടറി സ്ഥാനത്തു നിന്നുമാറ്റണമെന്നും സാധാരണക്കാർക്കും പാർട്ടി പ്രവർത്തകർക്കും പൊലീസ്സ്സ്‌റ്റേഷനിൽനിന്നു നീതി ലഭിക്കുന്നില്ലെന്നും സമ്മേളനങ്ങളിൽ വിമർശനമുയർന്നു .
പുതിയ നേതൃനിര
കീഴ്ഘടകങ്ങളിൽ നിന്ന് പുതിയ നേതൃ നിര കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്നുവരുന്നതിനെ പ്രതീക്ഷാപൂർവമാണ് നേതൃത്വം വിലയിരുത്തുന്നത്. സെക്രട്ടറിമാരാകുന്ന വനിതകളുടെയും യുവാക്കളുടെയും എണ്ണം ഈ സമ്മേളനകാലയളവിൽ കൂടുന്നുണ്ട്.
ഒക്ടോബർ ഒന്നു മുതലാണ് ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുന്നത് .
ജില്ലാ സമ്മേളനം തളിപ്പറമ്പിൽ
സി.പി.എം കണ്ണൂർ ജില്ലാ സമ്മേനം ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിൽ നടത്തും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ236 ലോക്കൽ സമ്മേളനങ്ങളും 18 ഏരിയാ സമ്മേളനവും പൂർത്തിയാക്കും.
തലവേദനയായി പയ്യന്നൂർ; കാര ബ്രാഞ്ചുകളിൽ മത്സരം
കണ്ണൂർ: സംഘടനാ പ്രതിസന്ധി രൂക്ഷമാക്കി ശക്തി കേന്ദ്രമായ പയ്യന്നൂരിൽ ബ്രാഞ്ച് സമ്മേളനങ്ങളിൽ മത്സരം. പയ്യന്നൂർ നോർത്ത് ലോക്കലിലെ സമ്മേളനങ്ങളിലാണ് മത്സരം നടന്നത്. നേതൃത്വവുമായി നിസ്സഹകരണം തുടരുന്ന ബ്രാഞ്ചുകളിലാണ് മത്സരം. കാര മേഖലയിൽ മൂന്നു ബ്രാഞ്ചുകളിലും കടുത്ത മത്സരം നടന്നു. രണ്ടിടത്ത് മത്സരങ്ങളിലൂടെയും ഒരിടത്ത് സമവായത്തിലൂടെയും ബ്രാഞ്ച് സെക്രട്ടറിയെ തിരഞ്ഞെടുത്തു. വിഭാഗീയത നേതൃതലത്തിലേക്കും വ്യാപിച്ച സ്ഥലമാണ് പയ്യന്നൂർ. എം.എൽ.എ ആയ ടി.ഐ. മധുസൂദനനും ഏരിയാസെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരേ അച്ചടക്ക നടപടി വരെ എത്തിയ വിഭാഗീയത ഇപ്പോഴും തുടരുന്നുവെന്നതിന്റെ തെളിവാണ് ബ്രാഞ്ച് സമ്മേളനങ്ങളിലെ കടുത്ത മത്സരം സൂചിപ്പിക്കുന്നത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മുതിർന്ന നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ തുടർച്ചയായി സമവായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒരു വിഭാഗം ഇടഞ്ഞു തന്നെ നിൽക്കുകയാണ്.