
കണ്ണൂർ: കഴിഞ്ഞവർഷം നടത്തിയതിന്റെ ബാദ്ധ്യത ബാക്കി നിൽക്കെ വീണ്ടും സ്കൂൾ മേളകൾക്ക് ഒരുക്കം. കലോത്സവം, കായികമേള ശാസ്ത്ര മേളകൾ നടത്തിയതിന്റെ പേരിൽ കണ്ണൂർ ഡി.ഡി.ഇ വിവിധ അദ്ധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവർക്ക് 12 ലക്ഷം നൽകാനിരിക്കെയാണ് ഈ വർഷത്തെ മേളകൾ മുന്നിലെത്തിയിരിക്കുന്നത്. ഗെയിംസ് അസോസിയേഷൻ സെക്രട്ടറിക്ക് മാത്രം 9 ലക്ഷം രൂപയാണ് കുടിശ്ശിക .ഇതേ തുടർന്ന് പുതിയ സെക്രട്ടറിയെ വച്ചാണ് ഈ വർഷം കായികമേള നടത്തുന്നത്. വരാനിരിക്കുന്ന മേളകൾക്ക് മുൻപായി കുടിശ്ശിക തീർക്കുമെന്ന ഉറപ്പ് മാത്രമാണ് പണം ലഭിക്കാനുള്ളവർക്ക് മുന്നിലുള്ള ആശ്വാസവാക്ക്.
നിലവിൽ മേളകളുടെ ഭാഗമായി ഒൻപത് മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും 40 രൂപ വച്ച് ശേഖരിച്ചുവരികയാണ്. ഈ തുകയിൽ നിന്നും വേണം ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഉൾപെടെയുള്ളവരുടെ മുൻബാദ്ധ്യത തീർക്കാൻ.ചുരുക്കത്തിൽ സ്കൂൾ മേളകൾ അദ്ധ്യാപക സംഘടനകൾക്കും ഉപജില്ലകൾക്കും സ്കൂളുകൾക്കും വൻ ബാദ്ധ്യതയാണ് വരുത്തുന്നത്. നാമമാത്ര തുകയാണ് സർക്കാർ വിഹിതം. മുൻകാലങ്ങളിലെ എസ്റ്റിമേറ്റ് തുക ഇന്നുവരെ പുതുക്കാൻ വകുപ്പ് തയ്യാറായിട്ടില്ല.
നിലവിൽ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന 40 രൂപയിൽ നിന്നും ആകെ ലഭിക്കുന്ന തുകയുടെ 40 ശതമാനം ഉപജില്ലകൾ ജില്ലക്ക് നൽകണം. ഇതിൽ നിന്നും ബാക്കി 60 ശതമാനം മാത്രമാണ് ഉപജില്ലകൾക്ക് ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ച് വേണം സകല മേളകളും വിദ്യാരംഗം കലാ -സാഹിത്യ മേളകളുമെല്ലാം നടത്താൻ. ഇത് അദ്ധ്യാപകരെ സംബന്ധിച്ച് ഓരോ വർഷവും വലിയവെല്ലു
വിളിയാവുകയാണ്.തുച്ഛമായ തുക ഉപയോഗിച്ച് മേളകൾ നടത്താൻ സാധിക്കാത്ത സാഹചര്യം അടിയന്തിരമായി പരിശോധിക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യം .ഇത്തവണ ജില്ലാ സ്കൂൾ കലോത്സവം നവംബറിൽ പയ്യന്നൂരിലാണ് നടക്കുന്നത്.ജില്ലാ ശാസ്ത്ര മേളയും ശാസ്ത്ര നാടകവും അടുത്ത മാസം കണ്ണൂരിൽ നടക്കും.ജില്ലാ കായികമേള അടുത്ത മാസം തലശ്ശേരിയിലും നടക്കും.
ഏറ്റെടുക്കാൻ ആളില്ല
മേളകൾക്കുള്ള സർക്കാർ വിഹിതം കുറവായതിനാൽ സംഘാടനം ഏറ്റെടുക്കാൻ മടിക്കുകയാണ് ഉപജില്ലകളും സ്കൂളുകളും.വിവിധ അദ്ധ്യാപക സംഘടനകളുടെ സഹായത്തോടെയാണ് മിക്കപ്പോഴും മേളകൾ സംഘടിപ്പിക്കുന്നത്. സർക്കാർ വിഹിതം വർദ്ധിപ്പിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
പരിഷ്കകരണം തേടുന്ന ശാസ്ത്രോത്സവ മാന്വൽ
2009 ൽ പരിഷ്‌കരിച്ച ശാസ്ത്രോത്സവം മാന്വൽ 2017ൽ പുതുക്കിയിരുന്നു. എന്നാൽ സമഗ്രമായി പരിഷ്കരിക്കണമെന്ന് കഴിഞ്ഞ അദ്ധ്യയന വർഷം പ്രഖ്യാപിച്ചതാണ്. എന്നാൽ ഈ അദ്ധ്യയന വർഷം പാതിയായിട്ടും മാന്വൽ പരിഷ്‌കരിച്ചിട്ടില്ല.മത്സരത്തിനുള്ള ഒരുക്കം തുടങ്ങിയതിനാൽ മാന്വൽ പുതുക്കുന്നത് ഇനി പ്രായോഗികമല്ല. മധ്യവേനലവധിക്കാലത്ത് മാന്വൽ പരിഷ്‌കരിക്കണമെന്നാണ് അദ്ധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.