ep
തുടച്ച് തുടങ്ങാം : സി.പി..എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയ ഇ.പി ജയരാജന്റെ മുന്നിൽ പ്രസംഗപീഠത്തിലെ വെള്ളം തുടച്ചുനീക്കുന്ന പ്രവർത്തകൻ ഫോട്ടോ : ആഷ്‌ലി ജോസ്

കണ്ണൂർ: പാർട്ടിയോട് പിണങ്ങി നിന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി .ജയരാജൻ 25ന് ദിവസത്തിന് ശേഷം പരിഭവം മറന്ന് സി.പി.എം പരിപാടിയിൽ പങ്കെടുത്തു. സർക്കാരിനും പാർട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം.കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിലാണ് ജയരാജൻ പങ്കെടുത്തത്.

തുടർന്ന് നടന്ന പൊതുയോഗത്തിൽ മാദ്ധ്യമങ്ങൾക്കെതിരേ രൂക്ഷമായ വിമർശനമാണ് ഇ.പി ഉയർത്തിയത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാർട്ടി ക്ഷണിച്ച പരിപാടികളിൽ പോലും പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു.പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലാണ് ഇ.പി ജയരാജനെ കഴിഞ്ഞ മാസം പാർട്ടി ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ അദ്ദേഹം പാർട്ടി വേദികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ ദിനാചരണമായിരുന്നു പാർട്ടി ഇ.പിക്ക് നൽകിയ ആദ്യ പരിപാടി. ആയുർവേദ ചികിത്സയിലെന്ന വിശദീകരണം നൽകി പങ്കെടുത്തില്ല. എം.എ. ലോറൻസിന്

ആദരാഞ്ജലിയർപ്പിക്കാൻ പോയന്ന കാരണത്താൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന അഴീക്കോടൻ ദിനാചരണ പുഷ്പാർച്ചനയിലും പങ്കെടുത്തില്ല. 28,29 തിയതികളിൽ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ഇ.പി വീണ്ടും പാർട്ടി പരിപാടിക്കെത്തിയത്.