
കണ്ണൂർ:വയനാട് ദുരന്തബാധിതരെ സംരക്ഷിക്കാൻ മനുഷ്യസ്‌നേഹികളാകെ കൈകോർക്കുമ്പോൾ ദുഷ്ടമനസ്സുമായി യു.ഡി.എഫും ബി.ജെ.പിയും വലതുപക്ഷ മാദ്ധ്യമങ്ങളും രംഗത്തിറങ്ങുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കണ്ണൂരിൽ സംഘടിപ്പിച്ച സി.പി.എം ബഹുജനക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനോടും ഇടതുപക്ഷത്തോടുമുള്ള ശത്രുത മൂത്ത് വ്യക്തിഹത്യ നടത്തുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും നേതാക്കളെയും കുറ്റവാളികളായി ചിത്രീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കഴിയുമോയെന്ന ഗവേഷണവും നടത്തുന്നു. ഇതിന്റെ ഉദാഹരണമാണ് വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളെന്നും ഇ.പി ആരോപിച്ചു. കേരളത്തിലെ 18 യു.ഡി.എഫ് എം.പിമാരിൽ ഒരാളും കേന്ദ്രസഹായം ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല. കേന്ദ്രം ഒന്നും തരരുതെന്ന നീചമനസ്സാണ് കോൺഗ്രസിനും യു.ഡി.എഫിനും. സമൂഹമാദ്ധ്യമങ്ങളിലൂടെയും കുപ്രചാരണം തുടരുകയാണിവർ. മാദ്ധ്യമങ്ങളുടെ പിന്തുണയോടെ വളർന്നവരല്ല സി.പി.എം. നേതാക്കളെന്നും ഇ പി.പറഞ്ഞു. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്വാഗതം പറഞ്ഞു.