
കാസർകോട് : പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചെങ്കൽ ഉത്പ്പാദക ഉടമസ്ഥ ക്ഷേമസംഘം ആരംഭിച്ച സമരം തുടരുന്നതിനിടെ ചെങ്കൽ ക്വാറി ഉടമ സത്യാഗ്രഹപ്പന്തലിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണനാണ്(59) ഇന്നലെ രാവിലെ വിദ്യാനഗറിലെ സമരപ്പന്തലിൽ വിഷം കഴിച്ചത്. ഇദ്ദേഹം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ക്വാറിയുടമകൾ കാസർകോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് കവാടത്തിൽ തടഞ്ഞു.
ചെങ്കൽ ഖനനമേഖല നിശ്ചലം
നിർമ്മാണം സ്തംഭിച്ചു
ചെങ്കൽ മേഖലയിൽ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ഒരാഴ്ച മുമ്പാണ് ക്വാറി ഉടമകൾ സമരം ആരംഭിച്ചത്. അനിശ്ചിതകാല സമരവും ഉപവാസവും ആരംഭിച്ചതോടെ ജില്ലയിലെ 3500 ലേറെ തൊഴിലാളികളുടെ ഉപജീവനമാർഗവും വഴിമുട്ടി. ചെങ്കൽ ലഭിക്കാത്തതിനെ തുടർന്ന് നിർമ്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലാണ് . 2023ൽ നിലവിൽ വന്ന കേരള മൈനർ മിനറൽ കൺസഷൻ ചട്ടഭേദഗതി ചെങ്കൽ ക്വാറിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നാണ് ചെങ്കൽ ക്വാറി ഉടമകളുടെ ആക്ഷേപം. ചെങ്കൽ ഖനനമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചെങ്കിലും പരിഹാരം കാണാനായിട്ടില്ല.ദേശീയ ഹരിത ട്രിബ്യൂണൽ 2018ൽ നൽകിയ നിർദ്ദേശത്തെ തുടർന്ന് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയിരുന്ന ജില്ലാതല സമിതികളുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതിന് ശേഷം സംസ്ഥാന തല അതോറിറ്റിയാണ് പാരിസ്ഥിതികാനുമതി നൽകുന്നത്. സംസ്ഥാനതല അതോറിറ്റിയുടെ അനുമതിക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നും ക്വാറി നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് ചെങ്കൽക്വാറി ഉടമകൾ ആരോപിക്കുന്നത്. അറുപത് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കണമെന്നുണ്ടെങ്കിലും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുന്നു. ചട്ടഭേദഗതിക്ക് ശേഷം ഭീമമായ തുക റോയൽറ്റി അടക്കേണ്ടിവരുമെന്നതിനാൽ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടും പെർമിറ്റെടുക്കാത്ത ക്വാറിയുടമകളുമുണ്ട്. ചട്ടഭേദഗതിയിൽ ഇളവുകൾ വേണമെന്നത് ക്വാറി ഉടമകളുടെ പ്രധാന ആവശ്യമാണ്.