kandal

പയ്യന്നൂർ : കുഞ്ഞിമംഗലം മേഖലയിൽ കണ്ടൽ നശിപ്പിച്ച് നികത്തിയ ചതുപ്പ് പൂർവ്വസ്ഥിതിയിലാക്കണമെന്ന വിപ്ളവകരമായ ഹൈക്കോടതി വിധി നേടിയ പരിസ്ഥിതി പ്രവർത്തകർ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. തീരദേശ പരിപാലന അതോറിറ്റി കണ്ടൽനശീകരണവും ചതുപ്പ് നികത്തിയതും സ്ഥിരീകരിച്ച എടാട്ട് തുരുത്തിയിലടക്കം സമാനമായ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പരിസ്ഥിതി പ്രവർത്തകരുടെ തീരുമാനം.

നിയമവിരുദ്ധമായി നികത്തിയ ചതുപ്പ് പൂർവസ്ഥിതിയിലാക്കണമെന്ന കേരള തീരദേശ പരിപാലന അതോറിറ്റി ഉത്തരവിറങ്ങി ഒന്നരവർഷം കഴിഞ്ഞിട്ടും ചില ഭാഗങ്ങളിലെ കണ്ടൽനശീകരണത്തിൽ അധികൃതർ കണ്ണടക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.ഹൈക്കോടതി അന്ത്യശാസനത്തെ തുടർന്ന് താമരംകുളങ്ങര പുല്ലൻകോട് പുഴയുടെ കിഴക്കുഭാഗത്തെ പൊരൂണി വയലിലും കൈപ്പാടിലും മൂന്നിരട്ടി കണ്ടൽ നട്ടുപിടിപ്പിക്കുന്നതിനായി മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ഗത്യന്തരമില്ലാതെയുള്ള ഈ നടപടിയിൽ അധികൃതർ മെല്ലെപ്പോക്ക് സ്വീകരിക്കുകയാണെന്ന ആക്ഷേപവും പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.

തീരദേശ പരിപാലന അതോറിറ്റി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ പരിസ്ഥിതി സംഘടന പ്രതിനിധി പി.പി.രാജനാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.

കൈയേറ്റമെന്ന് തീരദേശ പരിപാലന അതോറിറ്റി ;

ഫയൽ കണ്ണൂർ കളക്ടർക്ക് മുന്നിൽ

എടാട്ട് തുരുത്തിയിലെ കണ്ടൽ നശീകരണം സംബന്ധിച്ച് കുഞ്ഞിമംഗലം പൗരാവകാശ പരിസ്ഥിതി സമിതി 2021 നവംബർ 19ന് തീരദേശ പരിപാലന അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.വകുപ്പിൽ നിന്ന് 2023 മാർച്ച് 31ന് പരാതിക്കാർക്ക് ലഭിച്ച മറുപടിയിൽ

കുഞ്ഞിമംഗലം എടാട്ട് തുരുത്തിയിൽ കണ്ടൽ കാടുകൾ നശിപ്പിച്ച് ചതുപ്പ് നിലമുൾപ്പെടെയുള്ള തണ്ണീർത്തടം നികത്തിയത് ബോദ്ധ്യപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നികത്താൻ കോൺക്രീറ്റ് അവശിഷ്ടം നിക്ഷേപിച്ചതിനെതിരെ നടപടി സ്വീകരിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ശുപാർശ ചെയ്യാനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 16-4-1987 ലെ SO 394 (E)നമ്പർ വിജ്ഞാപന പ്രകാരം നടപടി റിപ്പോർട്ട് സമർപ്പിക്കുന്നതിനും കണ്ണൂർ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകിയതായും മറുപടിയിൽ തീരദേശ പരിപാലന അതോറിറ്റി ജോയിന്റ് സെക്രട്ടറി വ്യക്തമാക്കുന്നു. കണ്ടൽക്കാടുകൾനശിപ്പിച്ച സ്ഥല ഉടമകൾക്കെതിരെ നിയമനടപടിക്ക് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെന്നുംഇവരെ സംബന്ധിച്ച വിവരം ലഭ്യമാക്കാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും മറുപടിയിലുണ്ട്. നടപടിക്ക് ശിപാർശ ചെയ്ത് ഒന്നര വർഷം കഴിഞ്ഞിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ പരിസ്ഥിതി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.