thomas

കേളകം: പണം നൽകി പാട്ടത്തിനെടുത്ത ഭൂമിയിൽ നടത്തിയ കൃഷി ഒന്നാകെ കാട്ടുപന്നികളിറങ്ങി നശിപ്പിച്ചതിൽ മനംനൊന്ത് കർഷകന്റെ ആത്മഹത്യാഭീഷണി. കേളകം പഞ്ചായത്ത് ചെട്ടിയാംപറമ്പ് നരിക്കടവിലെ അറയ്ക്കൽ തോമസാണ് നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ട് മരത്തിൽ കയറി കഴുത്തിൽ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെയാണ് സംഭവം.

ഇന്നലെ രാവിലെ എട്ടുമണിയോടെ എത്തിയപ്പോഴാണ് കാട്ടുപന്നികൾ കൃഷിയിടം വെടിപ്പാക്കിയതായി കണ്ടത്. അതീവശ്രദ്ധയോടെ പരിപാലിച്ചിരുന്ന കൃഷിത്തോട്ടം ഒന്നാകെ കുത്തിമറിച്ചതിൽ മനംനൊന്ത തോമസ് ഉടൻ സമീപത്തെ മരത്തിൽ കയറി കഴുത്തിൽ കുരുക്കിടുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ചെങ്കിലും താഴെയിറങ്ങാൻ തോമസ് തയ്യാറായില്ല. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, വാർഡ് മെമ്പർ ലീലാമ്മ ജോണി, കേളകം എസ്.ഐ പ്രവീൺ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺ കുമാർ എന്നിവർ സ്ഥലത്തെത്തി ഇദ്ദേഹവുമായി സംസാരിച്ചു.ഇന്നു രാത്രി തന്നെ എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെക്കാമെന്നും നഷ്ടപരിഹാരം വേഗത്തിൽ നൽകാമെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് തോമസ് മരത്തിൽ നിന്നും ഇറങ്ങിയത്.

കടം വാങ്ങി,കഠിനാദ്ധ്വാനം ചെയ്തു;

ഇരുട്ടിവെളുത്തപ്പോൾ വെളിമ്പറമ്പ്

നരിക്കടവ് സ്വദേശിയിൽ നിന്നും ഒരേക്കർ സ്ഥലം മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്താണായിരുന്നു തോമസിന്റെ കൃഷി. വന്യമൃഗങ്ങളെ കരുതി കൃഷിയിടത്തിന് ചുറ്റും വേലി കെട്ടിയിരുന്നു. ബാങ്കിൽ നിന്നും ഒന്നരലക്ഷം വായ്പയും ഇതിനായി എടുത്തിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ഇളക്കിമറിച്ച മണ്ണിൽ കപ്പ, ചേമ്പ്, കാച്ചിൽ, ഇഞ്ചി എന്നിവയായിരുന്നു വിളകൾ. നാനൂറോളം ചുവട് കപ്പ വിളവെടുക്കാറായ ഘട്ടത്തിലാണ് കാട്ടുപന്നികളുടെ ആക്രമണം. ഇരുന്നൂറോളം ചുവടും പൂർണമായും നശിപ്പിച്ചു. ചേമ്പും കാച്ചിലും പൂർണമായും നശിപ്പിച്ചു.നല്ല വില ലഭിക്കുന്ന സമയത്താണ് കൃഷി ഇല്ലാതായതെന്നതും ഈ കർഷകനെ വല്ലാതെ ഉലച്ചു.

വലിയ അദ്ധ്വാനവും പണവും ചിലവഴിച്ച് വളർത്തിയെടുത്ത കൃഷി ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത് കണ്ടപ്പോൾ ഹൃദയം തകർന്ന അവസ്ഥയായിരുന്നു.അതാണ് മരത്തിന് കയറി ജീവനൊടുക്കണമെന്ന ചിന്ത വന്നത് - അറയ്ക്കൽ തോമസ്

പരാതി തോമസിന് മാത്രമല്ല

പ്രദേശത്ത് ഏറെ നാളായി കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇവയെ പ്രതിരോധിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ല.ഒരു കൃഷിയും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഏതുവിധ പ്രതിരോധം ഒരുക്കിയിട്ടും കാട്ടുപന്നികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെക്കാനാണ് തീരുമാനമെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പറഞ്ഞു.