
പരിഹാരം കാണാമെന്ന ഡി.എഫ്.എയുടെ ഉറപ്പിൽ ഏഴു മണിക്കൂറിന് ശേഷം മോചനം
പണം അനുവദിച്ചിട്ടും കച്ചേരിക്കടവ് മുതൽ പാലത്തുംകടവ് വരെ തൂക്കുവേലി നിർമ്മിക്കുന്നില്ലെന്ന് ആക്ഷേപം
ഇരിട്ടി: മാസങ്ങളായി യ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് , പാലത്തിൻകടവ് മേഖലകളിൽ തുടരുന്ന കാട്ടാനശല്യത്തിൽ പൊറുതി മുട്ടിയ കർഷകരും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും വനപാലകസംഘത്തെ ഏഴ് മണിക്കൂറോളം തടഞ്ഞുവച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയും കാട്ടാനയിറങ്ങി വൻകൃഷിനാശം വരുത്തിയതിന് പിന്നാലെയാണ് സ്ഥലത്തെത്തിയ വനപാലകസംഘം കർഷകരോഷത്തിനിരയായത്.
ബുധനാഴ്ച രാത്രി വെട്ടിക്കാട്ടിൽ ഡൊമനിക്കിന്റെ കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം കൂറ്റൻ തെങ്ങ് ഉൾപ്പെടെ പിഴുതു നശിപ്പിച്ചിരുന്നു. ഇതറിഞ്ഞ് രാവിലെ ഒൻമ്പത് മണിയോടെ സ്ഥലത്തെത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.കൃഷ്ണശ്രീ, രാഹുൽ, രാജീവ് എന്നിവരെ കർഷകരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭരണ,പ്രതിപക്ഷ അംഗങ്ങളൊന്നാകെ കർഷകർക്കൊപ്പം നിന്നു. ഡി.എഫ്.ഒ സ്ഥലത്തെത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം ഉറപ്പ് നൽകിയാൽ മാത്രമേ ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടിട്ടും പ്രതിഷേധക്കാർ പിൻമാറിയില്ല. പിന്നാലെ 11മണിയോടെ സ്ഥലത്തെത്തിയ കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ് വേലി നിർമ്മാണത്തിലെ തടസങ്ങൾ പ്രതിഷേധക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കർഷകർ ഇത് അംഗീകരിച്ചില്ല. ഡി.എഫ്.ഒ എത്താതെ റെയിഞ്ചറേയും വിടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
ഇതിനിടെ കരിക്കോട്ടക്കരി സി ഐ കെ.ജെ.ബിനോയിയുടെ നേതൃത്വത്തിൽ ഇരിട്ടി, ഉളിക്കൽ സ്‌റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതിന് പിന്നാലെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ഡി.എഫ്.ഒയുമായി ഇരിട്ടി ഐ ബിയിലോ മറ്റ് ഏതെങ്കിലോ സ്ഥലത്ത് വച്ച് ചർച്ചയാകാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ കച്ചേരിക്കടവ് പള്ളിഹാളിൽ എത്തിയ ഡി.എഫ്.ഒ എസ്.വൈശാഖ് പ്രതിഷേധക്കാരുമായി ചർച്ച നടത്തി തൂക്കുവേലി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സംഘർഷാന്തരീക്ഷത്തിന് ശമനമുണ്ടായത്.
തൂക്കുവേലി ക്വട്ടേഷൻ നാളെ തുറക്കും
കച്ചേരിക്കടവ് മുതൽ ബാരാപോൾ വരെ 6.5 കിലോമീറ്ററിൽ തൂക്ക് വേലി നിർമ്മിക്കുന്നതിന് 53.8 ലക്ഷം രൂപയുടെ അടങ്കലിൽ ലഭിച്ച ക്വട്ടേഷൻ നാളെ തുറക്കാൻ ചർച്ചയിൽ തീരുമാനമായി. വേലിയുടെ മേൽനോട്ട ചുമതല കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സിൽക്ക് കമ്പനിക്ക് നൽകുമെന്നും ഡി.എഫ്.ഒ അറിയിച്ചു. വിവിധ റീച്ചുകളാക്കി വേലി നിർമ്മാണം ഉടൻ പൂർത്തിയാക്കും. കൃഷി വകുപ്പിന്റെ സഹായത്തോടെ 2.20 കോടിയുടെ പ്രതിരോധവേലി നിർമ്മാണത്തിനുള്ള ധാരണാപത്രം അടുത്ത ദിവസം ഒപ്പുവെക്കുമെന്നും ഡി.എഫ്ഐ ഉറപ്പു നൽകി.