fish

'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യകൃഷി" ജനകീയ കാമ്പയിൻ

കണ്ണൂർ:മത്സ്യകൃഷിയുടെ പ്രധാന പരിമിതിയായ വിത്തിന്റെ ലഭ്യതകുറവിനെ നേരിടാൻ ജനകീയ കാമ്പയിനുമായി ഫിഷറീസ് വകുപ്പ്. വിത്ത് ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ 'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യ കൃഷി" പദ്ധതി ജനകീയക്യാമ്പയിനിലൂടെ നടപ്പാക്കാനാണ് തീരുമാനം.നാലു വർഷം കൊണ്ട് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിൽ അഞ്ച് കോടിയിൽ നിന്നും12 കോടിയായി വിത്ത് ഉത്പാദനം വ‌ർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യവിത്തിന്റെ ഗുണനേന്മയും ഉത്പ്പാദനവും വർദ്ധിപ്പിക്കുന്നതിനായി മത്സ്യ വിത്തുഫാമുകൾ ,ഹാച്ചറികൾ, എന്നിവ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ വികസനവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് ഫാമുകൾ,ഹാച്ചറികൾ,അക്വേറിയങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകുഞ്ഞുത്പ്പാദന പ്രവർത്തനങ്ങൾക്കായി 9 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മത്സ്യവിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോടൊപ്പം മത്സ്യരോഗനിയന്ത്രണത്തിനും നിരോധിത ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട പരിശോധനാരീതികൾ അവലംബിക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

9 കോടി

നിലവിലുള്ള സർക്കാ‌ർ ഫാമുകൾ,ഹാച്ചറികൾ,നഴ്സറികൾ ,അക്വേറിയങ്ങൾ എന്നിവയുടെ നടത്തിപ്പ്,സംരക്ഷണം.ഉത്പ്പാദന ശേഷി വർദ്ധിപ്പിക്കൽ,പ്രജനന മത്സ്യത്തിന്റെ സംരക്ഷണം,പ്രജനന പ്രവർത്തനങ്ങൾ,മത്സ്യവിത്ത് പരിപാലനം,പ്രവർത്തന ചിലവ് എന്നിവയ്ക്ക്

7 കോടി

അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിലവിലുള്ള ഫാമുകളുടേയും ഹാച്ചറികളുടേയും നഴ്സറികളുടേയും ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ ഹാച്ചറികൾ സ്ഥാപിക്കുന്നതിനും നിർമ്മാണം പൂർത്തിയാക്കുന്നതുമായി വകയിരുത്തി

പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും
ജലാശയങ്ങളിലെയും മത്സ്യക്കൃഷിയിടങ്ങളിലും പെട്ടെന്നുണ്ടാകുന്ന രോഗബാധ ഉത്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കൃഷിക്കാർക്ക് ഇതുകാരണമുണ്ടാകുന്ന നഷ്ടവും നിസ്സാരമല്ല. ഈ സാഹചര്യത്തിൽ എവിടെയെങ്കിലും രോഗബാധ കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ശ്രദ്ധയിൽപ്പെട്ടാലുടൻ നടപടിയെടുക്കാനും ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രത്യേക സംഘവും പ്രവർത്തിക്കും.നിശ്ചിത വലുപ്പമില്ലാത്തതും രോഗബാധയുള്ളതും ജീവനില്ലാത്തതുമായ മത്സ്യക്കുഞ്ഞുങ്ങളെ കൃഷിക്കാർക്ക് വിൽക്കുന്നതും മറ്റും തടയാൻ നിയമപ്രകാരമുള്ള സ്ക്വാഡ് വരുന്നതോടെ സാധിക്കും.മീനുകൾക്ക് രോഗബാധയുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഗുണമേന്മയുള്ള മത്സ്യവിത്താണ് കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനും ‘കേന്ദ്ര ഇൻസ്പെക്‌ഷൻ കം സീഡ് അനാലിസിസ് സ്ക്വാഡ്’ ആണ് പ്രവർത്തിക്കുക. മത്സ്യവിത്ത് ഉത്പാദനം, സൂക്ഷിപ്പ്, കയറ്റുമതി, ഇറക്കുമതി, വില്പന തുടങ്ങിയവ സ്ക്വാഡിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാകും.മത്സ്യവിത്ത് കേന്ദ്രത്തിന്റെ നേതൃത്വത്തിലാകും സ്ക്വാഡിന്റെ നിയമനവും തുടർപ്രവർത്തനവും.