കണ്ണൂർ: കടുത്ത പ്രതിസന്ധിക്കിടയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഗസ്റ്റിലും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. വിമാനത്താവള കമ്പനിയായ കിയാൽ തന്നെയാണ് ഈ കണക്ക് പുറത്തുവിട്ടത്. എയർപോർട്ട് അതോറിറ്റിയെ ഉദ്ധരിച്ചാണ് കിയാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
എയർപോർട്ട് അതോറിറ്റിയുടെ കണക്കുപ്രകാരം ജൂലായ് മാസത്തേക്കാൾ 4986 യാത്രക്കാരുടെ വർദ്ധനയാണുണ്ടായത്. 3153 അന്താരാഷ്ട്രയാത്രക്കാരുടെയും 1833 ആഭ്യന്തരയാത്രക്കാരുടെയും വർദ്ധനയുണ്ടായി. ജൂലായിലും 3427 യാത്രക്കാരുടെ വർദ്ധനയുണ്ടായിരുന്നു.89,313 അന്താരാഷ്ട്രയാത്രക്കാരും 30,059 ആഭ്യന്തരയാത്രക്കാരുമാണ് ആഗസ്റ്റിൽ കണ്ണൂർ വിമാനത്താവളംവഴി യാത്രചെയ്തത്.
സർവീസ് ആയിരം കടന്നു
കണ്ണൂരിൽ ആഗസ്റ്റിലെ വിമാന സർവീസുകളുടെ എണ്ണം കഴിഞ്ഞമാസം ആയിരം കടന്നിട്ടുണ്ട്. ആകെ 1006 സർവീസുകളാണ് നടത്തിയത്. ജൂലായിൽ 967 സർവീസുകളാണുണ്ടായിരുന്നത്. അതേസമയം ചരക്കുനീക്കത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. ജൂലായിൽ 641 ടൺ ചരക്ക് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത് ആഗസ്റ്റിൽ 438 ആയി കുറഞ്ഞു.
ആഗസ്റ്റിൽ മുൻ മാസത്തെ അപേക്ഷിച്ച്
യാത്രക്കാരുടെ വർദ്ധന 4986
ചരക്ക് കയറ്റുമതി 438 ടൺ
അന്താരാഷ്ട്രയാത്രക്കാരിൽ വർദ്ധന 3153
ആഭ്യന്തരയാത്രക്കാരിൽ വർദ്ധന 1833