
കണ്ണൂർ/കാസർകോട് :അന്തരിച്ച കോൺഗ്രസ് നേതാവും ഉദുമ മുൻ എം.എൽ.എയുമായിരുന്ന കെ.പി കുഞ്ഞിക്കണ്ണനെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയർപ്പിക്കാനും രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മേഖലകളിലെ പ്രമുഖരുടേയും പാർട്ടി പ്രവർത്തകരുടേയും സാധാരണക്കാരുടേയും പ്രവാഹം. രാവിലെ കണ്ണൂർ ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ എ.ഐ.സി.സിയുടെ സംഘടനചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ,മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് , പ്രൊഫ.എ.ഡി.മുസ്തഫ,സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാസെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ പ്രമുഖരടക്കം അന്ത്യാഞ്ജലിയർപ്പിച്ചു.
ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം കാസർകോട് ഡി.സി.സി ഓഫീസിൽ എത്തിച്ചത്.കണ്ണൂർ ഡി സി.സി ഓഫീസിൽ എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും മുൻ കെ.പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , ഡി സി.സി പ്രസിഡന്റുമാരായ പി.കെ.ഫൈസൽ ,അഡ്വ.മാർട്ടിൻ ജോർജ് എന്നിവർ ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,മുൻമന്ത്രി സി.ടി അഹമ്മദി, സി പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ ,സി എച്ച്.കുഞ്ഞമ്പു ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. അബ്ദുൽ റഹിമാൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, വി.കെ രവീന്ദ്രൻ, പി.പി.രാജു,വി.വി.കൃഷ്ണൻ, കെ.പി സി സി ഭാരവാഹികളായ കെ.നീലകണ്ഠൻ,സുബ്ബയ്യ റൈ ,എം.അസിനാർ,കെ.പി.സി സി മെമ്പർമാരായ പി.എ.അഷ് റഫലി ,മീനാക്ഷി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു .
തുടർന്ന് 3.15 ന് വിലാപയാത്ര ആരംഭിച്ചു ഉദുമയിൽ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ അന്തിമോപചാരമർപ്പിച്ചു. പൊയിനാച്ചി, പെരിയ റോഡ് ജങ്ഷൻ, കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ,മടക്കര ടൗൺ,പടന്ന മൂസഹാജി മുക്ക്,തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകന്നേരം ഏഴ് മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേർന്നു. രാത്രി ജന്മനാടായ കണ്ടോന്താറിൽ എത്തിച്ച മൃതദേഹം പിന്നീട് കാറമേൽ പ്രിയദർശിനി മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചു.
കെ.പിയുടെ വിയോഗത്തിൽ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി ,കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,ഷാഫി പറമ്പിൽ എം.പി , മുൻ കെ.പി.സി സി അദ്ധ്യക്ഷന്മാരായ വി.എം.സുധീരൻ ,കെ.മുരളീധരൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു
നഷ്ടപ്പെട്ടത് ആദർശുദ്ധിയുള്ള നേതാവിനെ: കെ.സി.വേണുഗോപാൽ
കണ്ണൂർ: കെ.പി കുഞ്ഞിക്കണ്ണന്റെ വിയോഗത്തിലൂടെ നന്മയുള്ള ആദർശശുദ്ധിയുള്ള നിഷ്‌കളങ്കമായ മുഖമാണ് കോൺഗ്രസ് പാർട്ടിക്ക് നഷ്ടപ്പെട്ടതെന്ന് എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അനുസ്മരിച്ചു.കണ്ണൂർ ഡി.സി.സി.യിൽ പൊതുദർശനത്തിന് വച്ച ഭൗതിക ദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി സംഘടനാക്കാലത്ത് രക്ഷിതാവിന്റെത് പോലുള്ള സംരക്ഷണം നൽകിയ നേതാവാണ് കെ.പി.കുഞ്ഞിക്കണ്ണൻ.ചിരിച്ച മുഖത്തോടെ ശാസിക്കുകയും നേർവഴിക്ക് നടത്തുകയും ചെയ്ത നേതാവ്. പയ്യന്നൂരിലെ ബിൽഡിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിലാണ് അദ്ദേഹം അന്നുണ്ടാകുക. തമാശകളും ഗൗരവമുള്ള വിശേഷങ്ങളും ഊണും ഉറക്കവുമൊക്കെയായി ഒരുപാട് നാളുകൾ അവിടെ ചിലവഴിച്ചിട്ടുണ്ട്. അന്ന് കെ.എസ്.യു.ഐ പ്രവർത്തനകാലത്ത് എതിർചേരിയിലുള്ളവരിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്ന ഘട്ടങ്ങളിൽ ആശ്രയമായിരുന്നുവെന്നും വേണുഗോപാൽ അനുസ്മരിച്ചു.
പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു: കെ.സുധാകരൻ
കണ്ണൂർ: കോൺഗ്രസിന്റെ സൗമ്യമുഖങ്ങളിലൊന്നായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ മലബാറിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.സുധാകരൻ അനുസ്മരിച്ചു. കാസർകോട്ടെ ഇടതു സ്വാധീനമേഖലകളിൽ പോലും കോൺഗ്രസിന്റെ കടന്നുകയറ്റം സാദ്ധ്യമാക്കിയത് കെ.പി.കുഞ്ഞിക്കണ്ണന്റെ സംഘടനാപാടവം കൊണ്ടാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കോൺഗ്രസിന് എക്കാലവും വലിയ മുതൽക്കൂട്ടായിരുന്നു. കെ.കരുണാകരൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി സജീവമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണനെ അവസാനമായി കണ്ടത് ഈ മാസം ആദ്യമായിരുന്നു. കെ.കരുണാകരൻ സ്മാരകം നിർമ്മിക്കാനുള്ള അക്ഷീണ പ്രയത്നത്തിനിടെയാണ് ഇതുപോലൊരു വേർപാട് സംഭവിച്ചത്. അദ്ദേഹത്തിന്റെ അപ്രതിക്ഷിത വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും കെ.സുധാകരൻ പറഞ്ഞു.