p

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിലെ അന്തേവാസികൾക്ക് തുടർ പഠനം ഒരുക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നും അനാഥാലയത്തിലെ അന്തേവാസികൾക്ക് ഫീസിളവോടെ പഠിക്കാനുള്ള അവസരമൊരുക്കുമെന്നും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷം 16 യു.ജി പ്രോഗ്രാമുകളിലേക്കും 12 പി.ജി പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ ആറ് യു.ജി പ്രോഗ്രാമുകൾ ഈ വർഷം മുതൽ നാലുവർഷ ഓണേഴ്സ് ഘടനയിലേക്ക് മാറും.

നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്ന് വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്.യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ബി.എസ് ‌സി മൾട്ടിമീഡിയ ബിരുദ പ്രോഗ്രാമുകൾ തുടങ്ങാനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. എം.ബി.എ, എം.സി.എ എന്നിവ അടുത്ത വർഷം തുടങ്ങും. യു.ജി, പി.ജി പ്രോഗ്രാമുകൾ കൂടാതെ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് ആൻഡ് ഡിപ്ലോമ പ്രോഗ്രാമുകൾ ഈ അദ്ധ്യയന വർഷം തുടങ്ങും.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളും യു.ജി.സി / ഡി.ഇ. ബി യുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. പി.എസ്.സി/യു.പി.എസ്.സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റെല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്.

വാർത്താസമ്മേളനത്തിൽ വൈസ് ചാൻസലർ വി.പി. ജഗതി രാജ്, പ്രോ വൈസ് ചാൻസലർ എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗം ടി.എം. വിജയൻ, കണ്ണൂർ റീജിയണൽ ഡയറക്ടർ സി.വി അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.

ഈ വർഷം നാലു വർഷ ഓണേഴ്സ് ഘടനയിലേക്ക് മാറുന്ന കോഴ്സുകൾ

ബി.ബി.എ , ബി.കോം, ബി.എ ഇംഗ്ലീഷ് , ബി.എ മലയാളം, ബി.എ ഹിസ്റ്ററി, ബി.എ സോഷ്യോളജി