rowdi

കാസർകോട്: ഉപ്പള മണിമുണ്ടയിലെ ഗുണ്ടാ തലവനായിരുന്ന കാലിയാ റഫീഖിനെ കർണ്ണാടകയിൽ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കോടതി വിട്ടയച്ചു.ഒന്നാം പ്രതി ഉപ്പളയിലെ നൂറലി, രണ്ടാം പ്രതി ജിയ എന്ന ഇഷ്ബുല സിയാദ്, അഞ്ചാം പ്രതി രാജപുരത്തെ റഷീദ്, ആറാം പ്രതി കാസർകോട്ടെ നജീബ് എന്ന മുഞ്ചിബ് എന്നിവരെയാണ് ദക്ഷിണകന്നഡ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടത്തി വിട്ടയച്ചത്.

കേസിൽ എട്ട് പ്രതികളാണുള്ളത്. നാല് പ്രതികൾ ഒളിവിലാണ്. ഉപ്പള മണ്ണം കുഴിയിലെ മുത്തലിബിനെ കാർ യാത്രക്കിടെ ഉപ്പളയിൽ വെച്ച് വെടി വെച്ച് കൊലപ്പെടുത്തിയ കേസിൽ കാലിയാറഫീഖ് അടക്കമുള്ളവർ പ്രതികളാണ്. ഇതിലുള്ള വൈരാഗ്യം മൂലം മുത്തലിബിന്റെ സഹോദരനായ നർ അലിയുടെ നേതൃത്വത്തിലുളള എട്ടാഗംഘം കർണാടക തലപ്പാടി കോട്ടക്കാർ ദേശീയ പാതയിൽ വെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2017 ആഗസ്ത് 14ന് രാത്രി 11 30മണിയോടെ കാലിയാ റഫീഖും സാഹിദും മറ്റു രണ്ട് പേരും ചേർന്ന് മംഗളൂരു ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്നു. കോട്ടക്കാർ പെട്രോൾ പമ്പിന് സമീപത്തെത്തിയപ്പോൾ ടിപ്പർ ലോറി കാറിൽ ഇടിച്ചുനിന്നു. ഇതേക്കുറിച്ച് ചോദിക്കാൻ കാറിൽ നിന്നിറങ്ങി ലോറിക്ക് സമീപം പോകുകയായിരുന്ന കാലിയാറഫീഖിനെ മറ്റൊരു കാറിലെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെച്ചത്. മരണം ഉറപ്പാക്കിയതിന് ശേഷമാണ് സംഘം കാറിൽ രക്ഷപ്പെട്ടത്. സാഹിദിന് അക്രമത്തിനിടെ കാലിന് പരിക്കേറ്റിരുന്നു .