
റോഡ് നവീകരിക്കുമ്പോൾ പുതുക്കിപണിയാതെ നിലനിർത്തി
കമ്പികൾ ദ്രവിച്ച് ദ്വാരം വീണ് പത്ത് കലുങ്കുകൾ
കാസർകോട്: ആറുവർഷം മുമ്പ് കെ.എസ്.ടി.പി നിർമ്മാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ കാസർകോട് -കാഞ്ഞങ്ങാട് റോഡിൽ വൻദുരന്തത്തെ വിളിച്ചുവരുത്തി പഴയ പത്ത് കലുങ്കുകൾ. ശ്രദ്ധ പാളിയാൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന തരത്തിൽ ചിലയിടങ്ങളിൽ ഇവയുടെ കമ്പികൾ പുറത്തുകാണുന്നുണ്ട്.
ഈ കൂട്ടത്തിൽ പെട്ട പാലക്കുന്ന് പള്ളത്തെ കലുങ്ക് ഇതിനകം തകർന്നു.അലാമിപ്പള്ളി, കൊവ്വൽപ്പള്ളി, പുതിയകോട്ട, ചിത്താരി, കളനാട് എന്നിവിടങ്ങളിലെ കലുങ്കുകളുടെ കമ്പികൾ പുറത്തുകണ്ടുതുടങ്ങി. പള്ളത്ത് റോഡിന്റെ മദ്ധ്യഭാഗത്ത് അമർന്ന് വലിയ ദ്വാരം വീണിട്ടുണ്ട്. വാഹനങ്ങൾ കയറുമ്പോൾ തകരാനുള്ള സാദ്ധ്യതയാണ് ഇവിടെയെല്ലാമുള്ളത്.
കാസർകോട് ചന്ദ്രഗിരി കാഞ്ഞങ്ങാട് റോഡ് പലതവണ വീതി കൂട്ടിയതാണ്. ഈ ഘട്ടങ്ങളിലൊന്നും മദ്ധ്യഭാഗത്തുള്ള എട്ട് മീറ്റർ വീതിയിലുള്ള കലുങ്കുകൾ പുതുക്കിയിരുന്നില്ല. അതേപടി നിലനിർത്തുകയായിരുന്നു.
ഇരുപത് മീറ്റർ റോഡ് ; എട്ടുമീറ്റർ കലുങ്ക്
എട്ടുമീറ്റർ വീതിയുണ്ടായിരുന്ന കാലത്ത് പണിത കലുങ്കുകൾ പിന്നീട് റോഡ് വികസിപ്പിക്കുമ്പോൾ പുതുക്കിപണിഞ്ഞിരുന്നില്ല. ബാക്കിയുള്ള ഭാഗത്തേക്ക് അവ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും മദ്ധ്യഭാഗത്ത് പഴയ നിർമ്മാണം നിലനിർത്തുകയായിരുന്നു. കാലപ്പഴക്കം കാരണം ഈ കലുങ്കുകളുടെ കമ്പികൾ ദ്രവിച്ചു കോൺക്രീറ്റ് അടർന്നുവീഴുന്നത് കെ.എസ്.ടി.പിയോ,പൊതുമരാമത്ത് വകുപ്പോ ശ്രദ്ധിച്ചതുമില്ല. ഏതുനിമിഷവും കലുങ്കുകൾ തകർന്നുവീണ് വൻദുരന്തം ഉണ്ടാകാമെന്ന അവസ്ഥയാണ് തിരക്കേറിയ ഈ റോഡിലുള്ളത്.