
കണ്ണൂർ: താൻ ദുബായിയിൽ പോയ സമയത്ത് പി.വി.അൻവറെ കണ്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് താൻ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും ചില പാർട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു. അവിടെയൊന്നും അൻവറിനെ കണ്ടിട്ടില്ല. ദുബായിയിൽ ഏതു മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണം.
പി.വി അൻവർ എം.എൽ.എയുടേത് ഗുരുതരമായ വഴി തെറ്റലാണെന്നും വലതുപക്ഷത്തിന്റെ നാവായി അൻവർ മാറിയെന്നും പി.ജയരാജൻ പറഞ്ഞു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ തുടർച്ചയായി വാർത്താസമ്മേളനം നടത്തുന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോപണങ്ങളിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ അൻവർ മര്യാദ പാലിക്കേണ്ടിയിരുന്നു. പി ശശിക്കെതിരെയുള്ള ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ മുഖ്യമന്ത്രി കഴമ്പില്ലെന്ന് പറഞ്ഞാൽ അങ്ങനെ തന്നെയാണ്. ശശിക്കെതിരെ തെളിവുകളൊന്നുമില്ലല്ലോ.പാർട്ടി കൂടിയാലോചിച്ച് തീരുമാനിച്ച കാര്യമാണ് കോടിയേരിയുടെ വിലാപയാത്ര. ഇപ്പോൾ അതിൽ ആരോപണം ഉന്നയിക്കേണ്ട കാര്യമെന്താണ്. ഒരു പാർട്ടി പ്രവർത്തകന്റെയും പിന്തുണ അൻവറിനുണ്ടാവില്ല. പാർട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് സംശയം. ഇടുക്കിയിലെ റിസോർട്ട് ഉദ്ഘാടനത്തിന് താൻ മാത്രമല്ല എംഎം മണി അടക്കമുള്ള നേതാക്കൾ എത്തിയിരുന്നുവെന്നും പി.ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായതെന്ന്
ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.ഇപ്പോൾ തീയാകേണ്ടത് സി.പി.എമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്.പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല പാർട്ടിയും നേതൃത്വവുമെന്നും ജയരാജൻ പറഞ്ഞു.