ground
സത്യസായി ട്രസ്റ്റ് ആശുപത്രി പദ്ധതി ഉപേക്ഷിച്ചപ്പോള്‍ ബാക്കിയായ കിടങ്ങുകളില്‍ വെള്ളം നിറഞ്ഞപ്പോള്‍

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സത്യസായി ട്രസ്റ്റ് ഹോസ്പിറ്റൽ എന്ന പ്രൊജക്ട് ഉപേക്ഷിച്ച് കമ്പനി തിരികെ പോയപ്പോൾ ഗ്രാമ വാസികൾക്ക് ലഭിച്ചത് പാതാളക്കുഴികൾ. കാഞ്ഞിരടുക്കം പ്രദേശ വാസികൾക്ക് വാഗ്ദാനങ്ങളും മോഹങ്ങളും സ്വപ്നങ്ങളും നൽകി ഉയർന്നു വന്ന ഒരു പ്രോജക്ട് ആയിരുന്നു സത്യസായി ട്രസ്റ്റ് ഹോസ്പിറ്റൽ. മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന് സ്വപ്നം കണ്ട് പരിസരവാസികൾ വിട്ടു നൽകിയത് യുവജനങ്ങൾ കളിച്ചു കൊണ്ടിരുന്ന ആ പ്രദേശത്തെ തന്നെ ഏറ്റവും നല്ല ഒരു കളി സ്ഥലമായിരുന്നു.

ഫുട് ബൾ, ക്രിക്കറ്റ് എന്ന് വേണ്ട ഏത് കായിക മത്സരം നടന്നിരുന്ന വലിയ മൈതാനം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും വിട്ടു നൽകിയത് ജനങ്ങൾക്ക് ഏറെ ഉ പകാരപെടുന്ന ഒരു ഹോസ്പിറ്റൽ അവിടെ ഉയർന്ന് വരുമെന്ന സ്വപ്നം കണ്ടു തന്നെയാണ്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രാരംഭ പണികൾ തുടങ്ങിയെങ്കിലും പ്രോജക്ട് പകുതിയിൽ നിന്നു. ഹോസ്പിറ്റൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന, ഇവർ വിട്ടുനൽകിയ കളിസ്ഥലം പ്രദേശവാശികൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. പില്ലർ അടിക്കാൻ എടുത്ത കുഴികൾ നികത്താതെ കമ്പനി പിന്മാറിയതിനാൽ വലിയ ഭീതിയിലാണ് നാട്ടുകാർ. കുഴികൾ നികത്തി പഴയ മൈതാനം പ്രദേശത്തുള്ള യുവ ജനതക്ക് വിട്ടു നൽകണമെന്ന് താന്നിയടി മാൻസിറ്റി ക്ലബ് പ്രവർത്തകർ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് അവർ പറയുന്നു. ഈ കുഴികളിൽ വെള്ളം കെട്ടി നിന്ന് വൻ അപകടങ്ങൾക്ക് ക്ഷണിച്ചു വരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.


ഒരുപാട് അപകടങ്ങൾക്ക് സാധ്യത ഉള്ള കുഴികൾ എത്രയും പെട്ടെന്ന് നികത്തണം. നമ്മുടെ നാട്ടിലെ യുവാക്കൾക്ക് ഇടയിൽ സ്‌പോർട്സ് സ്പിരിറ്റ് പ്രൊമോട്ട് ചെയ്യാൻ അവിടെ ഒരു ഗ്രൗണ്ട് ഉയർന്നു വന്നാൽ സാധിക്കും.

മൻസിറ്റി പ്രസിഡന്റ് ജിജോ മാത്യു പെമ്പള്ളിൽ