e-toilet
കാടുമൂടിയ ഇ-ടോയ്‌ ലറ്റുകൾ

പരിയാരം: മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനായി മെഡിക്കൽ കോളേജ് കെട്ടിടത്തിനകത്തേക്ക് കടന്നേപറ്റു. കാരണം കാമ്പസിൽ ഒരിടത്തുപോലും പൊതു ശുചിമുറികളില്ല. ഓട്ടോ -ടാക്സി -ആംബുലൻസ് ജീവനക്കാരുൾപ്പെടെ മൂത്രശങ്ക തീർക്കാൻ കുറ്റിക്കാടുകൾ തോടിപോകേണ്ട നിലയിലാണ് കാര്യങ്ങൾ.

ഇതിന് പരിഹാരമെന്ന നിലക്കാണ് 2015- 16 വർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴരലക്ഷം രൂപ ചെലവിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്ന് ഇ ടോയ് ലറ്റുകൾ സ്ഥാപിച്ചത്. എന്നാൽ സ്ഥാപിച്ചത് മുതൽ തന്നെ കേടായ ഇ ടോയ് ലറ്റുകൾ ഇപ്പോൾ കാടു വിഴുങ്ങുകയാണ്. ഉത്തരവാദപ്പെട്ടവർക്ക് പക്ഷെ, അനക്കമേയില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചതല്ലാതെ 8 വർഷത്തിനിടയിൽ നൂറ് രൂപപോലും ഇ ടോയ് ലറ്റിൽ നിന്ന് യൂസേഴ്സ് ഫീ ഇനത്തിൽ പഞ്ചായത്തിന് ലഭിച്ചിട്ടുമില്ല.

മൂന്ന് ടോയ് ലറ്റുകളും അടുപ്പിച്ച് സ്ഥാപിക്കരുതെന്നും മെഡിക്കൽ കോളേജിന്റെ 3 ഭാഗത്തായി വെക്കണമെന്നും നാട്ടുകാർ അന്നേതന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും ചെവിക്കൊണ്ടില്ല. മൂന്ന് ഇ ടോയ് ലറ്റുകളും പ്രവർത്തിക്കാത്ത നിലയിലായതോടെയാണ് ഇവ കാടുമൂടി തുടങ്ങിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ടോയ് ലറ്റ് ഏറ്റവും അത്യാവശ്യമായ ദേശീയപാതക്കരികിലെ ബസ് സ്റ്റോപ്പ് പരിസരത്തേക്ക് ഇതിലൊരെണ്ണം മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

യാതൊരു ആവശ്യവുമില്ലാതെ പണം ധൂർത്തടിച്ചതിന്റെ ഉദാഹരണമാണ് മെഡിക്കൽ കോളേജ് പരിസരത്തെ ഇ ടോയ് ലറ്റുകളെന്നും പ്രവർത്തനക്ഷമമല്ലാത്ത ഇത് എടുത്തുമാറ്റി സാധാരണ കംഫർട്ട് സ്റ്റേഷനുകൾ ആരംഭിക്കണമെന്നും ജനകീയ ആരോഗ്യവേദി കൺവിനർ എസ്.ശിവസുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.