
പയ്യന്നൂർ(കണ്ണൂർ): കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു ഇന്നലെ രാവിലെ വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം ഭൗതികശരീരം മൂരിക്കൊവ്വൽ ശാന്തിസ്ഥല ശ്മശാനത്തിൽ എത്തിച്ചു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ അടക്കം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകൻ തിലകനാണ് ചിതക്ക് തീ കൊളുത്തിയത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യാഴാഴ്ച രാത്രിയിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാവിലെയും ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച കാറമേൽ പ്രിയദർശിനി യൂത്ത് സെന്ററിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. എം.എൽ.എമാരായ ടി.ഐ.മധുസൂദനൻ , എൻ.എ.നെല്ലിക്കുന്ന്, അഡ്വ. സണ്ണി ജോസഫ്, എം.വിജിൻ, മുൻ സ്പീക്കർ എം.വിജയകുമാർ, കോൺഗ്രസ് നേതാക്കളായ എം.ലിജു, സോണി സെബാസ്റ്റ്യൻ, എൻ.ഡി.അപ്പച്ചൻ, എം.കെ.രാഘവൻ എം.പി, കെ.എസ്.ശബരിനാഥ്, ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.മാർട്ടിൻ ജോർജ്, പി.കെ.ഫൈസൽ, സി.പി.എം നേതാക്കളായ സി.കൃഷ്ണൻ , പയ്യന്നൂർ നഗരസഭ ചെയർ പേഴ്സൺ കെ.വി.ലളിത , പി.സന്തോഷ് , ബി.ജെ.പി നേതാവ് കെ.രഞ്ജിത്ത് തുടങ്ങി നിരവധി നേതാക്കളും അന്തിമോപചാരമർപ്പിച്ചു.
വിടപറയൽ വികാരനിർഭരം
മൂരിക്കൊവ്വൽ ശാന്തിസ്ഥല ശ്മശാനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞികണ്ണന്റെ ചിതയ്ക്ക് തീ കൊളുത്തിയ രംഗം ഏറെ വൈകാരികമായിരുന്നു. ' കണ്ണേട്ടാ,കണ്ണേട്ടാ.. ഞങ്ങളുടെ ഓമന നേതാവേ, ഇല്ലാ നിങ്ങൾ മരിക്കുന്നില്ല,ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യത്തിൽ മുഴങ്ങുകയായിരുന്നു അവിടം.
ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച രണ്ടക്ഷരമായ കെ.പിയെ അവസാനനോക്ക് കാണുവാനും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുവാനുമായി വൻ ജനാവലിയാണ് ഇവിടെ എത്തിയത്. വ്യാഴാഴ്ച കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലൂടെ വിലാപയാത്രയായി രാത്രി ഒൻപത് മണിയോടടുപ്പിച്ചാണ് പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതുദർശനത്തിനായി എത്തിച്ചത്. വൻ ജനാവലിയാണ് ഏറെ വൈകിയും തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നത്. തുടർന്ന് ജൻമനാടായ കണ്ടോന്താറിലെ പൊതുദർശനത്തിന് ശേഷം അർദ്ധരാത്രിയോടടുപ്പിച്ചാണ് വീടിനടുത്തുള്ള കാറമേൽ പ്രിയദർശിനി യൂത്ത് സെന്ററിലേക്ക് ഭൗതികശരീരം എത്തിച്ചത്.
ഇന്നലെ രാവിലെ മുതൽ കെ.പിയെ ഒരു നോക്ക് കാണാൻ പ്രിയദർശിനി മന്ദിരത്തിലേക്കും പിന്നീട് ഭൗതീകദേഹം മാറ്റിയ വീട്ടിലേക്കും ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. പൊതുപ്രവർത്തന രംഗത്ത് മാന്യതയുടെ ആൾരൂപമായിരുന്ന കെ.പിക്ക് നാട് നൽകിയ സ്‌നേഹവായ്പ് എടുത്തുപറയുന്നതായി ഈ ജനസഞ്ചയം.
സംസ്ഥാനസർക്കാരിന് വേണ്ടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി റീത്ത് സമർപ്പിച്ചു. ഇന്നലെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബാംഗങ്ങളെ സമാശ്വാസിപ്പിച്ചു.