
പേരാവൂർ: പുനർനിർമ്മാണം നടക്കുന്ന നെടുംപൊയിൽ - മാനന്തവാടി ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ചന്ദനത്തോടിന് സമീപം പേരിയ ചുരത്തിലെ നാലാംവളവിലാണ് വീണ്ടും മണ്ണിടിഞ്ഞത്. നേരത്തെ ഇവിടെ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് പാത പുനർനിർമ്മിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ജൂലായ് 30ന് പാതയിൽ മീറ്ററുകളോളം ദൂരത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു.
നൂറു മീറ്ററോളം ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അന്ന് വീണ്ടും മണ്ണിടിഞ്ഞത്. ചെറുവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്തതിനെ തുടർന്ന് ഗതാഗതം പൂർണമായും നിയന്ത്രിച്ചായിരുന്നു പുനർനിർമ്മാണം തുടങ്ങിയത്.പത്തു മീറ്ററോളം ആഴത്തിൽ മണ്ണ് നീക്കി അടിഭാഗത്തായി കോൺക്രീറ്റ് ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പ്രവൃത്തി നടക്കുന്നതിന് സമീപം വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിലാണ് മണ്ണിടിച്ചലും വിള്ളലുമുണ്ടാകുന്നത്.
ഇറങ്ങിക്കയറി മടുത്തു ;ഇപ്പോൾ അതുമില്ല
നെടുംപൊയിൽ മാനന്തവാടി റോഡ് നിർമ്മാണം അനന്തമായി നീളുന്നത് ഏലപ്പീടിക, പേരിയ ഭാഗങ്ങളിലെ ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലരും കിലോമീറ്ററുകളോളം ചുറ്റിയാണ് ടൗണിലും മറ്റും എത്തുന്നത്. പേരിയ ഭാഗത്ത് നിന്ന് പേരാവൂർ നെടുംപൊയിൽ ഭാഗങ്ങളിലേക്ക് എത്തേണ്ടവർ റോഡ് തകർന്ന ഭാഗംവരെ വാഹനത്തിൽ വന്നിറങ്ങി കാൽനടയായി മറുഭാഗത്തെത്തി മറ്റ് ജീപ്പുകളിലും മറ്റും നെടുംപൊയിൽ പേരാവൂർ ഭാഗത്തേക്ക് പോകാറാണ് പതിവ്. എന്നാൽ റോഡ് പൂർണമായും ഇടിഞ്ഞതോടെ ഇവിടെ വഴി അടച്ചിരിക്കുകയാണ്.ഇതോടെ നടന്ന് മറുഭാഗത്തെത്താൻ പോലും പറ്റാതായി. നെടുംപൊയിൽ മാനന്തവാടി റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
ഗതാഗതം വർദ്ധിച്ചു; പാൽച്ചുരം റോഡും തകരുന്നു
നെടുംപൊയിൽ - മാനന്തവാടി ചുരം പാതയിൽ പുനർനിർമ്മാണം നടക്കുന്നതിനാൽ കൊട്ടിയൂർ - പാൽച്ചുരം വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതുവഴി തിരക്ക് വർദ്ധിച്ചതോടെ പാൽച്ചുരം റോഡും തകർന്ന് യാത്ര ദുരിതപൂർണമായി.