
കോറോം(പയ്യന്നൂർ):മനസ്സിൽ തോന്നുന്നതെല്ലാം ഡയറിയിൽ കുറിക്കും ആദിദേവ് . ഓരോ ദിവസവും ചുറ്റുപാടും കണ്ട സംഭവങ്ങളാകും അത്. ചിലമപ്പാൾ കുഞ്ഞുഭാവനയിൽ വിരിയുന്ന കൗതുകങ്ങൾ. ഈ എഴുത്തുകളിലൂടെ ഇപ്പോൾ ആദിദേവ് നാട്ടിലെ താരമാണ്. ഒന്നാം ക്ലാസിലെ കുഞ്ഞനിയൻമാരുടെ പാഠപുസ്തകത്തിൽ ഇത് ഇടം പിടിച്ചതോടെയാണ് ആദി ദേവ് സകൂളിൽ സെലിബ്രിറ്റിയായത്.
തേളിന്റെ ആക്രമണത്തിൽ നിന്ന് അച്ഛനെ രക്ഷിച്ച കോഴിയെക്കുറിച്ചുള്ള ഓർമ്മയും പ്രകൃതിയിലെ പൂക്കളെയും ജീവജാലങ്ങളെയും കുറിച്ചുള്ള സംശയങ്ങളുമൊക്കെയാണ് ആദിദേവ് കുറിച്ചിട്ടിരുന്നു. കോറോം മുത്തത്തി എസ്.വി.യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്റെ കൗതുകങ്ങളടങ്ങിയ ഡയറി നേരത്തെ അദ്ധ്യാപകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു.
ആദിദേവ് രണ്ടാം ക്ലാസുകാരനായപ്പോഴേക്കും അവനെഴുതിയ ഡയറി ഒന്നാം ക്ലാസിലെ മലയാളം പാഠ പുസ്തകത്തിൽ ഇടംപിടിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിലിന്റെ (എസ്. സി.ഇ.ആർ.ടി.) ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകമായ കേരള പാഠാവലിയുടെ രണ്ടാം പതിപ്പിലാണ് ആദിദേവിന്റെ കുറിപ്പുകൾ ഉൾപ്പെടുത്തിയത്.
നന്നായി എഴുതാനുള്ള ആദി ദേവിന്റെ കഴിവ് ക്ലാസ് ടീച്ചർ ടി.വി.സതിയാണ് കണ്ടെത്തിയത്. എല്ലാ ദിവസവും കൂട്ടികളുടെ ഡയറിക്കുറിപ്പുകൾ ചേർത്ത് കുഞ്ഞെഴുത്തുകൾ എന്ന പേരിൽ പ്രധാനാദ്ധ്യാപകൻ സി.കെ.സുരേഷിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പ്രകാശനം ചെയ്തിരുന്നു.
ഇതിൽ ആദിദേവിന്റെ ഭാവനയും എഴുത്തിലെ കൗതുകവും ഭംഗിയുമുള്ള കുറിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സുരേഷ് ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്കും അവിടെനിന്ന് എസ്.സി.ഇ.ആർ.ടിയിലേക്കും അയച്ചു. അങ്ങനെയാണ് ഡയറി പാഠ പുസ്തകത്തിലായത്. പയ്യന്നൂർ കോറോം പരവന്തട്ടയിലെ കൂലിപ്പണിക്കാരനായ കെ.പ്രകാശന്റെയും സി.ബിന്ദുവിന്റെയും മകനാണ്. സഹോദരൻ ആഷിഷ് കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്.