കണ്ണൂർ: കൂത്തുപറമ്പ് പൊലീസ് വെടിവയ്പിൽ ശയ്യാവലംബിയായി മുപ്പതോളം വർഷം ജീവിതത്തോട് മല്ലിട്ട
ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. ഇരുപത്തിനാലു വയസുള്ളപ്പോഴാണ് വെടിയേറ്റ് കിടപ്പിലായത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അന്ത്യം.

ഇന്ന് രാവിലെ എട്ടിന് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സ്വദേശത്തേക്ക് കൊണ്ടുപോകും. വഴിനീളെ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാവും. പത്തു മുതൽ പതിനൊന്നരവരെ തലശേരി ടൗൺ ഹാളിലും 12 മുതൽ നാലര വരെ ചൊക്ളി രാമവിലാസം സ്‌കൂളിലും പൊതുദർശനം. വൈകിട്ട് അഞ്ചിന് മേനപ്രം വീട്ടുവളപ്പിൽ സംസ്‌കാരം.

ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂത്തുപറമ്പിൽ 1994 നവംബർ 25ന് ഡി.വൈ.എഫ്‌.ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് കിടപ്പിലായതാണ് പുഷ്പൻ.

സി.പി.എം. നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. മേനപ്രം എൽ.പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം ഉപേക്ഷിച്ച് മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു.

ബംഗളൂരുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്.യു.ഡി.എഫ് സർക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവയ്പിലാണ് പരിക്കേറ്റത്. കെ.കെ.രാജീവൻ. കെ.വി.റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു

പുഷ്പന്റെ ചികിത്സയും സംരക്ഷണവും പൂർണമായും പാർട്ടി ഏറ്റെടുത്തിരുന്നു.

ഡി.വൈ.എഫ്.ഐ നിർമ്മിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലശേരി ടൗൺഹാളിലാണ് പുഷ്പൻ അവസാനമായി എത്തിയത്.

കർഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി).