
വൈദ്യശാസ്ത്രം കൈവിട്ടു;ഇച്ഛാശക്തിയിൽ ജീവിച്ചു
തലശ്ശേരി:അഞ്ചു യുവാക്കൾ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിന് അടുത്ത നവംബർ 25 വന്നാൽ മുപ്പത് വർഷമായി. വെടിയുണ്ട തകർത്ത സുഷുമ്നാ നാഡിയുമായി വൈദ്യശാസ്ത്രം കൈവിട്ടിട്ടും ഇത്രയും കാലം പുഷ്പൻ ജീവിച്ചത് സ്വന്തം ഇച്ഛാശക്തിയിലും പാർട്ടിയും ഡി.വൈ.എഫ്.ഐയും അന്തമറ്റ സൗഹൃദങ്ങളുടെയും ബലത്തിലായിരുന്നു.
മേനപ്രത്തെ പുഷ്പന്റെ വീട് പ്രവർത്തകർക്ക് തീർത്ഥാടനകേന്ദ്രം പോലെയായിരുന്നു. പുഷ്പനെ അറിയാമോ എന്ന ഗാനം പ്രവർത്തകരെ കുളിരണിയിക്കുന്ന വിപ്ളവഗാനവുമായി. 1994 നവംബർ 25 ന് രാവിലെ കൂത്തുപറമ്പ് കണ്ണൂർ റോഡിൽ വച്ചാണ് പുഷ്പന് വെടിയേറ്റത്. ആ സംഭവത്തിലെ രക്തസാക്ഷികളിലൊരാളായ പാനൂരിലെ കെ.കെ.രാജീവനെ താങ്ങിയെടുക്കുന്നതിനിടയിലാണ് കഴുത്തിൽ വെടിയേറ്റത്. താങ്ങിയെടുത്ത പ്രവർത്തകർ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്നും എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എട്ടുമാസത്തോളമുള്ള ചികിത്സ. സുഷുമ്നാ നാഡി തകർന്നതിനാൽ കഴുത്തിന് കീഴേ ചലനശേഷിയുണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.പിന്നീടിങ്ങോട്ട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി,സംസ്ഥാന ഗവൺമെന്റ് നിയോഗിച്ച പ്രത്യേക ചികിത്സ ബോർഡ്,കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,ബാംഗളൂർ , കോയമ്പത്തൂർ എന്നിവിടങ്ങളിൽ വിദഗ്ധ ഡോക്ടർമാർ പുഷ്പനെ ചികിത്സിച്ചു.
പുഷ്പനെ എഴുന്നേറ്റ് നടത്തിക്കാൻ പാർട്ടിയും പരമാവധി ശ്രമിച്ചു. നേതൃത്വം മെഡിക്കൽ റിപ്പോർട്ട് സഹിതം രാജ്യത്തും വിദേശത്തുമുള്ള വലിയ ആശുപത്രികളിൽ അന്വേഷിച്ചു. ലോകത്തെവിടെയും ഈ നിലയിൽ നിന്ന് തിരിച്ചെടുക്കാനുള്ള ചികിത്സ ലഭ്യമല്ലെന്ന് മനസിലാക്കി. ഫിസിയോ തെറാപ്പി മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. കഴിഞ്ഞ മുപ്പത് വർഷവും
പുഷ്പന്റെ മുഴുവൻ ചികിത്സയും നടത്തിയത് ഡി.വൈ.എഫ്.ഐ യാണ്. തന്റെ സംഘടനയെക്കുറിച്ച് നാളിതുവരെ യാതൊരു പരിഭവമോ പരാതിയോ പുഷ്പന് ഉണ്ടായിരുന്നതുമില്ല.
പാർട്ടിയുടെ ഒരുവിധം നേതാക്കളെല്ലാം പുഷ്പനെ വീട്ടിലെത്തി സന്ദർശിച്ചിട്ടുണ്ട്.അന്തരിച്ച ജനറൽസെക്രട്ടറി സീതാറാം യച്ചൂരി, മുൻമുഖ്യമന്ത്രിമാരായ ഇ.കെ.നായനാർ വി.എസ്.അച്ചുതാനന്ദൻ, നായനാർ, മുഖ്യമന്ത്രി പിണറായി വിജയൻ, അന്തരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദാ കാരാട്ട്,എം.എ.ബേബി, തുടങ്ങി മുതിർന്ന നേതാക്കൾ വരെ മേനപ്രത്തെ വീട്ടിലെത്തി പുഷ്പനെ കണ്ടതാണ്.
മുപ്പതാണ്ട് നിഴലായുണ്ട് ജയേഷ്
മരുന്നുകളും വേദനയുമായി കഴിഞ്ഞ മുപ്പത് വർഷവും പുഷ്പന്റെ എല്ലാ കാര്യങ്ങളും നോക്കി നിഴലുപോലെ കൂടെയുണ്ട് മേനപ്രം സ്വദേശിയായ ടി.ജയേഷ്. കൂത്തുപറമ്പിൽ വെടിയേറ്റ് വീണ കെ.കെ.രാജീവൻ, പുഷ്പൻ, മധു എന്നിവരെ
പിൻഭാഗംകാലിയായ വലിയ വാനിൽ കിടത്തി തലശ്ശേരി ജനറൽ ആസ്പത്രിയിൽ എത്തിച്ചത് മുതൽ കഴിഞ്ഞ ജൂലായ് 31 ന് കൈക്കും പുറത്തും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലും നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ വച്ച് ജീവിതത്തോട് വിട പറയുന്നതുവരെ എല്ലാകാര്യത്തിനും സാക്ഷിയായതും ഇദ്ദേഹമാണ്.
പുഷ്പന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ജയേഷ് . " രാത്രിയിൽ പുഷ്പ ന് ഉറക്കം കിട്ടുമായിരുന്നില്ല.ഇടക്കിടക്ക് ഞെട്ടും .രാവിലെ കട്ടൻചായ വേണം.പത്രം രാവിലെ തന്നെ വായിച്ചു കൊടുക്കണം.കിടന്ന കിടപ്പിലാണ് പല്ല് തേപ്പിക്കേണ്ടത്.
ഗോതമ്പ് ദോശ ഇഷ്ടമാണ് .ഉച്ചക്ക് ചോറ്.വൈകുന്നേരം വീണ്ടും കട്ടൻചായ.രാത്രി ലഘു ഭക്ഷണം.പ്രത്യേകമായി എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ പറയും.ടി.വിയിൽ ക്രിക്കറ്റും ഫുട്‌ബോളുമുണ്ടെങ്കിൽ കാണും. യൂട്യൂബിൽ മീൻ പിടിക്കുന്നത് കാണാൻ വലിയ ഇഷ്ടമാണ്. പുഴ മത്സ്യത്തോടാണ് ഏറെ താൽപര്യം "- പുഷ്പന്റെ ദിനചര്യയെക്കുറിച്ച് ജയേഷ് പറയുന്നതിങ്ങനെ.
സന്ദർശകരോട് ദീർഘമായി സംസാരിക്കും.ഇഷ്ട സുഹൃത്തുക്കളെ ഫോണിൽ വിളിക്കും. മൂന്ന് പതിറ്റാണ്ടുകാലം ഒരേ കിടപ്പിലായ പുഷ്പനെ കേരളമാകെ വിശാലമായ സുഹൃദ് വലയമുണ്ടായിരുന്നു. വേദന തിന്നുമ്പോഴും .പാട്ടും നാടകവും ഇഷ്ടമായിരുന്നു. തന്നോട് പലരും വന്ന് വിഷമങ്ങൾ പറഞ്ഞാൽ വിപുലമായ സുഹൃദവലയംവച്ച് അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കും. നാട്ടിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കും.
ജയേഷിന്റെ പിതാവ് പി.എൻ ഭാസ്‌കരൻ മാസ്റ്റർ ജോലി ചെയ്ത നോർത്ത് മേനപ്രം എൽ.പി.സ്‌കൂളിലാണ്
പുഷ്പന്റെ പ്രാഥമിക വിദ്യാഭ്യാസം പുഷ്പന്റെ കുടുബവുമായി പണ്ട് തൊട്ടെ അടുത്തിടപഴകിയിട്ടുണ്ടെന്ന് ജയേഷ് പറയുന്നു. ജയേഷിന്റെ അമ്മയുടെ അച്ഛൻ നടത്തിയിരുന്ന ആണ്ടിപീടികയിലെ കടയിൽ പുഷ്പന്റെ സഹോദരന്മാർ ജോലി ചെയ്തിട്ടുണ്ട്. ഹൈസ്‌കൂൾ പഠനത്തിന് ശേഷം പുഷ്പനും അവിടെ ജോലിക്കെത്തി.പലപ്പോഴും അമ്മയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ ഒരുമിച്ച് പോയിരുന്നുവെന്ന് ജയേഷ് പറയുന്നു.അന്നുമുതൽ തുടങ്ങിയതാണ് ആ ഗാഢസൗഹൃദം തുടങ്ങിയത്.
പിന്നീട് സഹോദരി ഭർത്താവിന്റെ ബാംഗ് ളൂരിലെ കടയിലേക്ക് പുഷ്പൻ ജോലിക്കായി തിരിച്ചു. നാട്ടിലുണ്ടാവുന്ന സമയ
ത്ത് പൊതു പ്രവർത്തനത്തിലും ഡി വൈ എഫ്‌ഐ യുടെ പരിപാടികളിലും സജീവ സാന്നിദ്ധ്യമാ
യിരുന്നു പുഷ്പനെന്നും ജയേഷ് പറഞ്ഞു.കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ എസ്.എഫ്.ഐ പാനൂർ ഏരിയ ജോയിന്റ് സെക്രട്ടറിയും ഡി.വൈ.എഫ്,.ഐ ചൊക്ലി വില്ലേജ് ജോയിയിന്റ് സെക്രട്ടറിയുമായിരുന്നു ജയേഷ്.
ഡി.വൈ.എഫ്.ഐയെ തീപന്തമാക്കിയ കൂത്തുപറമ്പ് വെടിവെപ്പ്
തലശ്ശേരി: കേരളത്തിന്റെ സമരചരിത്രത്തിൽ ഡി.വൈ.എഫ്.ഐയെ രേഖപ്പെടുത്തിയ സമരങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ് വെടിവെപ്പിൽ കലാശിച്ചത്.സ്വാശ്രയകോളേജുകൾക്ക് പ്രോത്സാഹനം നടത്തുന്നതിനെതിരെ നടന്ന എസ്.എഫ്.ഐ സമരത്തെ പൊലീസ് അടിച്ചമർത്തുന്ന ഘട്ടത്തിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം ഏറ്റുപിടിച്ചത്. 1994 നവംബർ 25ന് അന്ന് സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവൻ കൂത്തുപറമ്പ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടനത്തിന് എത്തുമ്പോൾ പ്രതിഷേധിക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചു. കരിങ്കൊടി കാട്ടാനായിരുന്നു തീരുമാനം.
എം.വി.രാഘവനെതിരെ പ്രതിഷേധം ഉയർന്നതോടെ പൊലീസ് ഇറങ്ങി. തുടർന്ന് ലാത്തിചാർജ്ജും കണ്ണീർവാതകപ്രയോഗവുമൊക്കെയായി രൂക്ഷമായ സംഘർഷാന്തരീക്ഷം രൂപപ്പെട്ടു. തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ കെ.കെ.രാജീവൻ, കെ.ബാബു, മധു, കെ.വി.റോഷൻ, ഷിബുലാൽ എന്നിവർ കൊല്ലപ്പെട്ടു.സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പ് ആയി കൂത്തുപറമ്പ് സംഭവം മാറി. കൂത്തുപറമ്പിലെ വെടിവെപ്പിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് കത്തിപടർന്നത്.
കരുത്ത് പകർന്നത് സൈമൺ ബ്രിട്ടോ
വെടിവെയ്പിൽ പരിക്ക് പറ്റിയ ആദ്യ മാസങ്ങളിൽ തന്നെ ഹോസ്പിറ്റലിൽ എത്തിയ സൈമൺ ബ്രിട്ടോ നൽകിയ മാനസിക പിന്തുണ പുഷ്പനെ വലിയതോതിൽ കരുത്ത് പകർന്നിരുന്നു. മഹാരാജാസിൽ വച്ച് എതിർ പ്രസ്ഥാനക്കാരുടെ കുത്തേറ്റ് വീൽചെയറിലായ ബ്രിട്ടോ പലതവണ മേനപ്രത്ത് എത്തി പുഷ്പനെ സന്ദർശിച്ചിരുന്നു. മേനപ്രം ഗ്രാമത്തിൽ ദിവസങ്ങളോളം താമസിക്കുകയും ചെയ്തിട്ടുണ്ട്.
വെടിവെപ്പ് നടന്ന് ആദ്യകാലങ്ങളിൽ പൊലീസും പുഷ്പനെ നിരീക്ഷിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പതിമൂന്നാം വാർഡിന്റെ അകത്തും പുറത്തും ഹോസ്പിറ്റലിന്റെ പല ഭാഗത്തും മഫ്ടിയിലും അല്ലാതെയും പൊലീസുണ്ടായിരുന്നു. ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ അറസ്റ്റ്‌ചെയ്യാൻ വേണ്ടിയായി
രുന്നു ഇത്. പുഷ്പനെ കൂത്ത്പറമ്പ് കേസിൽ പൊലീസ് പ്രതി ചേർത്തിരുന്നു. ജഡ്ജിയുടെ മുന്നിലേക്ക് സ്‌ട്രെച്ചറിലായിരുന്നു പുഷ്പനെ എത്തിച്ചത്.
ചെഗുവേരയുടെ മകളും എത്തി
കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ രക്തസാക്ഷിയായ ചെ ഗുവേരയുടെ മകൾ അലിഷ ഗുവേര പുഷ്പനെ വീട്ടിലെത്തി കണ്ടതും വാർത്താ പ്രധാന്യം നേടിയിരുന്നു. എം.എ.ബേബിക്കൊപ്പം കണ്ണൂരിലെത്തിയപ്പോഴാണ് അലീഷ ഗുവേര പുഷ്പനെ സന്ദർശിച്ചത്.
കൃഷ്ണമണി പോലെ സംരക്ഷിച്ച് പാർട്ടി
തലശ്ശേരി: കൂത്തുപറമ്പ് സംഭവത്തിൽ വെടിയേറ്റ് ശയ്യാവലംബിയായ പുഷ്പന്റെ തുടർന്നുള്ള ജീവിതം സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും മേൽനോട്ടത്തിലായിരുന്നു. ചികിത്സയും വീടും അത്യന്താധൂനിക സൗകര്യങ്ങളോടെയുള്ള വീൽചെയറുമെല്ലാം ഏർപ്പെടുത്തി.ഡി.വൈ.എഫ്.ഐയാണ് വീട് നിർമ്മിച്ചു നൽകിയതും ഭാരിച്ച ചികിത്സചെലവുകൾ ഏറ്റെടുത്തതും.
ചികിത്സ സഹായ ഫണ്ടും പെൻഷനും അനുവദിച്ച ഇടതുസർക്കാരുകൾ പുഷ്പന്റെയും കൂത്ത്പറമ്പ് രക്തസാക്ഷികളുടെയും ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലിയും നൽകി. ചികിത്സയ്ക്കായുള്ള യാത്ര സുഗമമാക്കാൻ ഇവിടേക്കുള്ള ഗതാഗത സൗകര്യവും മെച്ചപ്പെടുത്തി. കോടിയേരി ബാലകൃഷ്ണ
ൻ മന്ത്രിയായിരിക്കെ ആസ്തി വികസന ഫണ്ടിൽ നിന്നും റോഡിന് ഒരു കോടി ചിലവിട്ടാണ് വോൾട്ടേജ് ഇപ്രൂവ്‌മെന്റ് ട്രാൻസ്‌ഫോർമർ പ്രദേശത്ത് സ്ഥാപിച്ചത്. പുഷ്പന് സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത വീൽ ചെയറും നൽകി.
പുഷ്പന്റെ നിർദ്ദേശപ്രകാരമാണ് നോർത്ത് മേനപ്രത്ത് കൂത്ത്പറമ്പ് രക്തസാക്ഷികളുടെ സ്മരണക്ക് ഒരു വായനശാല സ്ഥാപിച്ചു.അതിന് ലൈബ്രറി കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു.കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി നൽകണമെന്നാവിശ്യപ്പെട്ട് പുഷ്പൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ നേരിൽ കണ്ടതിന്റെ രണ്ടുദിവസത്തിനകമാണ്
ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഇന്ന് ഹർത്താൽ
തലശ്ശേരി:പുഷ്പന്റെ നിര്യാണത്തെ തുടർന്ന് ദുഃഖ സൂചകമായി ഇന്ന വൈകിട്ട് 6 മണി വരെ തലശ്ശേരി, കൂത്തുപറമ്പ്, മാഹി അസംബ്ലി മണ്ഡലങ്ങളിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തു.